കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. അവര്‍ക്കൊപ്പമെത്തി പ്രതിഷേധിച്ച മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12 പെരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു പ്രീത ഷാജിയുടെയും സമരസമിതിയുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. ഇതിനായി എത്തിയപ്പോഴാണ് പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇവരെ അറസ്റ്റ് ചെയ്തത്.

മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കഴിഞ്ഞ ആഴ്ച ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജപ്തി നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രീത ഷാജിയും കുടുംബവും. നേരത്തെ സമരസമതിയില്‍പ്പെട്ട ചില സമരക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചതോടെ വിഷയം ജനശ്രദ്ധനേടി. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ അടക്കം നിരവധി പേര്‍ പ്രീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.