തിരുവനന്തപുരം: പുറത്താക്കാന്‍ ശ്രമമുണ്ടെങ്കില്‍ അതിന് മുമ്പ് വെയ്ക്കാന്‍ തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. രാജി വെക്കാന്‍ പറഞ്ഞാല്‍ മതിയെന്നും തന്നെ നിയമിച്ച യു.ഡി.എഫിനോടും നേതാക്കന്മാരോടും ആലോചിച്ച് തീരുമാനമെടുക്കുമെന്നും പ്രയാര്‍ പറഞ്ഞു. ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുമായി തര്‍ക്കമുണ്ടായെന്ന വാര്‍ത്തയെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒളിഞ്ഞും തെളിഞ്ഞും ശബരിമലയെ കടന്നാക്രമിക്കാന്‍ ശ്രമമുണ്ടെന്ന് പ്രയാര്‍ പറഞ്ഞു. പക്ഷേ അതെന്താണെന്ന് വെളിപ്പെടുത്തില്ല. പറയേണ്ടപ്പോള്‍ അസന്ദിഗ്ധമായി പറയും. അതിന് പ്രസിഡന്റായിരിക്കണമെന്നില്ല. ശബരിമല അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയുടെ ചില നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് ഭക്തന്റെ വികാരമെന്ന നിലയിലാണ് അറിയിച്ചത്. അത് അനാദരവായി അദ്ദേഹത്തിനോ ഒപ്പമുള്ളവര്‍ക്കോ തോന്നിയെങ്കില്‍ പരസ്യമായി ക്ഷമ ചോദിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ 95 ശതമാനം നിര്‍ദ്ദേശങ്ങളും അംഗീകരിക്കുന്നു. ബോര്‍ഡ് ചിന്തിക്കാത്ത കാര്യങ്ങള്‍ പോലും അദ്ദേഹം പറഞ്ഞു. പക്ഷേ, എല്ലാ ദിവസവും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നു പറഞ്ഞാല്‍ മിണ്ടാതെ കുനിഞ്ഞിരിക്കാനാകില്ല. മിണ്ടാതിരിക്കുന്നതല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഉത്തരവാദിത്വം. റോപ്പ് വേയിലൂടെ ഭക്തരെ കൊണ്ടുപോകണമെന്ന നിര്‍ദ്ദേശത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറയില്ല. ചരക്കുകള്‍ കയറ്റിയുള്ള ട്രക്കുകളുടെ പാച്ചില്‍ നിയന്ത്രിക്കാനുള്ള സംവിധാനത്തിലൂടെ ആളെ കൊണ്ടു പോകാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണ്.

ഈ രണ്ടു കാര്യങ്ങളിലുമുള്ള ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് താനറിയിച്ചത്. ആശയഭിന്നതയുണ്ടായതല്ലാതെ യോഗത്തില്‍ തര്‍ക്കമുണ്ടായിട്ടില്ല. ശബരിമല വികസന ഫണ്ടിനായി ഭക്തരില്‍ നിന്ന് 50 രൂപ പിരിയ്ക്കാനുള്ള നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ഓണ്‍ലൈനിലൂടെ വേണം പണം സ്വീകരിക്കേണ്ടത്. ക്യാമറകള്‍ സ്ഥാപിച്ച് ഭക്തരുടെ എണ്ണമെടുക്കുന്നത് ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് സഹായകമാകുമെങ്കില്‍ അംഗീകരിക്കുന്നു. പക്ഷേ, മറ്റ് ഏജന്‍സികള്‍ കണക്കെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല.

ബോര്‍ഡ് കൂടി അറിഞ്ഞേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ. റെയില്‍വേ സ്റ്റേഷനിലെയും ബസ് സ്റ്റാന്‍ഡിലെയും രജിസ്ട്രേഷന്‍ അപ്രായോഗികമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കട്ടേ. എണ്ണമെടുക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചാലും തര്‍ക്കമില്ല. പക്ഷേ, അക്കാര്യത്തില്‍ സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദികള്‍.

ഭക്തരുടെ ശുദ്ധി ഉറപ്പാക്കാനായി ശബരിമലയില്‍ നടത്തിയ ഉദയാസ്തമന പ്രാര്‍ത്ഥനായജ്ഞത്തെ സമരമായി വ്യാഖ്യാനിച്ചത് വേദനിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശകസമിതി പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ചേര്‍ത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. പുരുഷനായാലും സ്ത്രീയായാലും ശരീരശുദ്ധിയുള്ളവര്‍ വന്നാല്‍ മതിയെന്നതാണ് ശബരിമലയുടെ വിശുദ്ധി.

വിശുദ്ധി സംരക്ഷിപ്പെടാനായി ഒരു ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ചതിനെ സമരമെന്ന് പറഞ്ഞാല്‍ അതിനോട് പ്രതികരിക്കേണ്ട ബാദ്ധ്യത സംഘാടകനെന്ന നിലയില്‍ തനിയ്ക്കുണ്ട്. സമരം നടന്നില്ലേ എന്ന ചോദ്യം മാത്രമാണ് ഇത് സംബന്ധിച്ച് അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

യോഗത്തിന് മുഖ്യമന്ത്രിയെക്കൂടാതെ ഏഴ് മന്ത്രിമാരും രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും എത്തിയത് നല്ല കാര്യമാണെന്നും പ്രയാര്‍ പറഞ്ഞു. പക്ഷേ, ഈ സന്നാഹം ആചാരങ്ങളെ അട്ടിമറിക്കാനാകരുത്. പുരാണത്തിലെ സോഷ്യലിസ്റ്റാണ് അയ്യപ്പന്‍. ഭക്തരെപ്പോലും ദൈവത്തിന്റെ പേരാണ് വിളിക്കുന്നത്. നേതാക്കന്മാരെന്ന വ്യത്യാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരുടെ സഖാവേ എന്ന വിളി പോലും ഒരു പക്ഷേ അയ്യപ്പനില്‍ നിന്ന് വന്നതായിക്കൂടെന്നില്ല -പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.