കൊച്ചി: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യത്തിന് പുറമേ ആന്ധ്രാപ്രദേശില്‍ നിന്ന് ചീഞ്ഞമത്സ്യങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നു. ആന്ധ്രാപ്രദേശിലെ നിസാംപട്ടണത്ത് നിന്ന് കൊണ്ടുവന്ന 540 കിലോ ചീഞ്ഞ ചെമ്മീന്‍ കൊച്ചിയില്‍ പിടികൂടി. ചമ്മക്കര മാര്‍ക്കറ്റില്‍ നിന്നും അരൂരിലെ പ്രോസസിങ് യൂണിറ്റിലേക്ക് കൊണ്ടുപോകും വഴിയാണ് മത്സ്യം പിടികൂടിയത്. 

ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും, ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പാക്ക് ചെയ്ത് പെട്ടികളില്‍ സൂക്ഷിച്ചിരുന്ന ചെമ്മീന്‍ ചീഞ്ഞതാണെന്ന് കണ്ടെത്തി. 30 കിലോ വീതമുള്ള 18 പെട്ടികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. 

ഇതിനിടെ ലോറിയിലെ ചെമ്മീന്‍ നല്ലതാണെന്ന അവകാശവാദവുമായി ഉടമസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാളും സ്ഥലത്തെത്തി. എന്നാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ ഇയാള്‍ തലകറങ്ങിവീണു. അരൂരിലെ ഫിഷ് പ്രോസസിങ് യൂണിറ്റുകളില്‍ ഇത്തരത്തില്‍ ചീഞ്ഞമത്സ്യങ്ങള്‍ കൊണ്ടുവന്ന് വിപണിയില്‍ എത്തിക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.