റാണയെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു, ദേവരായപുരത്ത് റാണയും നവാസും ഒളിവിൽക്കഴിഞ്ഞ ഷെഡ്ഡ്
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍-പൊള്ളാച്ചി റൂട്ടില്‍ കിണത്തുക്കടവില്നിന്ന് എട്ടുകിലോമീറ്റര്‍ അകലെ ദേവരായപുരത്തെ പാറമട സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടുപിടിക്കുക എളുപ്പമല്ല. ചുറ്റും തെങ്ങിന്‍തോപ്പുകളും ബാക്കി പാറമടയും. ദേവരായപുരത്ത് പാറമട ഉണ്ടെന്നതല്ലാതെ അവിടെ കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍പോലും ഗ്രാമത്തിലൊരാളും അറിഞ്ഞിട്ടില്ല.
റാണ തിങ്കളാഴ്ച വെളുപ്പിനാണ് ദേവരായപുരത്തെ പാറമടയിലെത്തുന്നത്. പെരുമ്പാവൂരിലെ ഒരുസുഹൃത്തുവഴിയാണ് ഇയാള്‍ ഒളിച്ചുതാമസിക്കാന്‍ ദേവരായപുരം തിരഞ്ഞെടുത്തത്. അഞ്ചുപേരടങ്ങുന്ന സംഘം ഒരു ജീപ്പില്‍ വന്നു. പ്രവീണ്‍ റാണയും സുഹൃത്ത് നവാസും അവിടെ തങ്ങി. ബാക്കി മൂന്നുപേരും ജീപ്പില്‍ തിരിച്ചുപോയതായി റാണ താമസിച്ച പാറമടയിലെ തൊഴിലാളികള്‍ പറഞ്ഞു. ദേവരായപുരത്തെ ബാലാജിയുടെ പേരിലുള്ള പാറമട പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേര്‍ പാട്ടത്തിന് നടത്തുകയാണ്.
പാറമടയ്ക്കുസമീപം തൊഴിലാളികള്‍ തങ്ങുന്ന ഷീറ്റിട്ട ഷെഡ്ഡിലാണ്, ആഡംബരജീവിതം നയിച്ചിരുന്ന പ്രവീണ്‍ റാണയും നവാസും എത്തിയത്. പ്രവീണ്‍ റാണ ശബരിമലയ്ക്ക് പോകുന്ന തീര്‍ഥാടകന്റെ വേഷത്തിലായിരുന്നെന്ന് പാറമടയിലെ തൊഴിലാളികള്‍ പറഞ്ഞു. വിബിന് എന്നാണ് പേരുപറഞ്ഞത്. തങ്ങളുടെ ഒരുവണ്ടി മോഷണം പോയെന്നും അത് ഈ പ്രദേശത്ത് എത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ വന്നതാണെന്നും റാണ അറിയിച്ചതായി ഇവര്‍ പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിലെ ഒരു റൂമിലാണ് താമസിച്ചത്. ഇരുവര്‍ക്കും ഭക്ഷണവും നല്കി. നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയാണ് ഇവിടെ താമസിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.
രണ്ടുദിവസത്തിനകം തിരിച്ചുപോകുമെന്ന് പ്രവീണ്‍ റാണ തൊഴിലാളികളെ വിശ്വസിപ്പിച്ചിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെയാണ് മൂന്നുവണ്ടികളിലായി തൃശ്ശൂരില്‍നിന്ന് പോലീസ് സംഘം ദേവരായപുരത്ത് എത്തിയത്. ഒരു തൊഴിലാളിയുടെ ഫോണില്‍നിന്ന് റാണ ഭാര്യയെ വിളിച്ചപ്പോഴാണ് ദേവരായപുരത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന്, റാണയെയും നവാസിനെയും ഇവിടെ എത്തിച്ച മൂന്നുപേരിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അയാളെയും കൂട്ടിയാണ് പോലീസ് എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ റാണയെയും നവാസിനെയും അറസ്റ്റുചെയ്ത് മടങ്ങുകയും ചെയ്തു.
വിവാഹമോതിരം വിറ്റു
പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയാനുള്ള പണത്തിനായി റാണ 75,000 രൂപയ്ക്ക് വിവാഹമോതിരം വിറ്റു. പോലീസെത്തുമ്പോള്‍ ആ പണവും തീരാറായിരുന്നു. തൃശ്ശൂരിലെത്തിച്ച റാണയ്ക്ക് പോലീസാണ് വസ്ത്രങ്ങള്‍ നല്‍കിയത്.
അന്വേഷണം മുറുകുന്നുവെന്ന് വ്യക്തമായതോടെ റാണ അങ്കമാലിയിലെ സുഹൃത്തുക്കളോട് സഹായം തേടിയിരുന്നു. ആരും തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് ബന്ധുവിനെയും സഹായിയെയും വിളിച്ചുവരുത്തി. അവര്‍ക്കൊപ്പമാണ് പൊള്ളാച്ചിയിലെത്തിയത്.
ആരെയും പറ്റിച്ചില്ല -റാണ
ആരെയും പറ്റിച്ചില്ലെന്ന് റാണയുടെ പ്രതികരണം. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ഇത്തരത്തില്‍ പ്രതികരിച്ചത്. ബിസിനസ് നടത്തുക മാത്രമാണ് ചെയ്തത്. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകൊടുക്കുമെന്നും റാണ പറഞ്ഞു.
റാണയുടെ പേരില്‍31 കേസുകള്‍
തൃശ്ശൂര്‍: ധനകാര്യസ്ഥാപനങ്ങളിലൂടെ 200 കോടിയോളം രൂപ തട്ടിച്ച കേസിലെ പ്രതി പ്രവീണ്‍ റാണയുടെ അറസ്റ്റ് ഈസ്റ്റ് പോലീസ് രേഖപ്പെടുത്തി. 31 തട്ടിപ്പുകേസുകളാണ് ഇയാള്‍ക്കെതിരേ. ഇതില്‍ ഒന്നൊഴികെ എല്ലാം തൃശ്ശൂര്‍ സിറ്റി പോലീസ് പരിധിയിലാണ്. ചട്ടവിരുദ്ധനിക്ഷേപ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചനാക്കുറ്റവുമാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ് ഇവ. വ്യാഴാഴ്ച 11 മണിയോടെ കേസെടുത്തശേഷം വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീട് തിരിച്ച് ഈസ്റ്റ് സ്റ്റേഷനിലേക്കുതന്നെ കൊണ്ടുവന്നു. തുടര്‍ന്ന് തെളിവെടുപ്പിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി
ഇയാളുടെ കുറ്റസമ്മതമൊഴിയും രേഖപ്പെടുത്തി. 16 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈ മാറിയതായി ഇയാള്‍ ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട് 55 സെന്റ് സ്ഥലവും ഉള്ളതായി വ്യക്തമാക്കി.
Content Highlights: praveen rana case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..