pratheeshകണ്ണൂര്‍:  മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ പ്രതീഷ് എം വെള്ളിക്കീല്‍ (35) ബൈക്ക് അപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് പ്രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ണൂര്‍ വളപട്ടണത്തിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. സംസ്‌കാരം വൈകിട്ട് വെള്ളിക്കീലെ വായനശാലയ്ക്ക് സമിപം.

പരേതനായ നാരായണന്റേയും നാരായണി മണിയമ്പാറയുടേയും മകനാണ്. ഭാര്യ ഹേഷ്മ (പി.സി.ആര്‍ ബാങ്ക് കണ്ണപുരം ശാഖ). സഹോദരങ്ങള്‍ അഭിലാഷ്, നിധീഷ്

ഒന്നരപ്പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ ദൈനംദിന സംഭവങ്ങളെ അടുത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകനാണ് പ്രതീഷ്. പ്രാദേശിക ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ പ്രതീഷ് 2007ല്‍ ഇന്ത്യാവിഷനില്‍ ജോലിയില്‍ പ്രവേശിച്ചു. കുറച്ചു കാലം റിപ്പോര്‍ട്ടര്‍ ടി.വി യില്‍. 2012 മുതല്‍ മാതൃഭൂമി ന്യൂസിന്റെ ഭാഗം. തൊഴില്‍ ജീവിതത്തിന്റെ ഏറിയ കാലവും കണ്ണൂരായിരുന്നു പ്രതീഷിന്റെ കര്‍മ്മഭൂമി.

രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ കണ്ണൂര്‍ കലുഷിതമായ കാലത്തും നിശബ്ദനായി, നിര്‍ഭയനായി പ്രതീഷ് അവ പകര്‍ത്തി. സൗഹൃദത്തിന്റെ നേര്‍ത്ത തണലായിരുന്നു എന്തും സംഭവിക്കാവുന്ന സംഘര്‍ഷ സ്ഥലത്തേക്ക് പോകുമ്പോള്‍ പ്രതീഷിന്റെ കൈമുതല്‍. പല നിര്‍ണായക സന്ദര്‍ഭങ്ങളിലും ആ സ്‌നേഹ സൗഹൃദങ്ങള്‍ പ്രതീഷിന് സംരക്ഷണ വലയമൊരുക്കി. ഏറ്റവും ഒടുവില്‍ തലശേരിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോഴും ആക്രമിക്കപ്പെട്ട വീടുകളിലേക്കും ആശുപത്രികളിലാക്കപ്പെട്ട ജീവിതങ്ങളിലേക്കും ഒരു നിമിഷം പോലും വൈകാതെ പ്രതീഷിന്റെ ക്യാമറ കണ്ണു തുറന്നു. ആ യാത്രകള്‍ക്ക് രാവെന്നോ പകലെന്നോ ഉണ്ടായിരുന്നില്ല. 

content highlights: pratheesh m, mathrubhumi news,bike accident,kannur