കൊച്ചി: പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറേദിവസങ്ങളായി പോലീസ് തിരയുകയായിരുന്ന പ്രതീഷ് ചാക്കോ ഇന്ന് രാവിലെയാണ് ആലുവ പോലീസ് ക്ലബിലെത്തി അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായത്.

രാവിലെ 10.15 മുതല്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്ലിന് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ പോലീസ് ഇയാളെ വിട്ടയച്ചു. 

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചുവെന്ന കുറ്റമാണ് പ്രതീഷ് ചാക്കോയുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് സൂചന. 

നടി ആക്രമിക്കപ്പെട്ട ശേഷം പള്‍സര്‍ സുനി ആദ്യം സമീപിച്ചത് പ്രതീഷ് ചാക്കോയെയായിരുന്നുവെന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ സുനി ഇയാള്‍ക്ക് കൈമാറിയിരുന്നുവെന്നുമാണ് പോലീസ് കരുതുന്നത്.

ഇയാളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ശ്രമിച്ചെങ്കിലും അതിനോടകം പ്രതീഷ് ചാക്കോ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇയാളുടെ ജൂനിയറിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടെ പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചിരുന്നു.