ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുതിര്‍ന്ന നേതാക്കളായ അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത് കിഷോറിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അമരീന്ദര്‍ സിങ്ങുമായി പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാണ് രാഹുലുമായുള്ള കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

2017ലും അമരീന്ദറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് പ്രശാന്ത് കിഷോറായിരുന്നു. അന്നത്തെ വിജയം 2022 ലും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഏതാനും ദിവസം മുന്‍പ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചയും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Content Highlights: Prashant Kishor Meets Congress Leader Rahul Gandhi