കണ്ണൂര്‍: എത്ര പണം ചോദിച്ചാലും തരാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മാതൃഭൂമി ന്യൂസിനോടാണ് വെളിപ്പെടുത്തിയത്.

കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോണ്‍സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവര്‍ പറഞ്ഞു.

പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ല. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ട്. എന്‍ഡിഎയുമായി പാര്‍ട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത പറഞ്ഞു

'പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുമ്പോള്‍ കെ.സുരേന്ദ്രന്‍ ചില വാക്കുകള്‍ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു സി.കെ.ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ അത് ചുരുക്കി രണ്ട് സീറ്റാക്കി മാറ്റി. സുല്‍ത്താന്‍ ബത്തേരിയും ബാലുശ്ശേരിയുമായിരുന്നു ഇത്. അവിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനും പറഞ്ഞു. എന്നാല്‍ ബാലുശ്ശേരി പിന്നീട് എടുത്തുമാറ്റി. ഇതേ കുറിച്ച് സുരേന്ദ്രനെ വിളച്ച് ആരാഞ്ഞപ്പോള്‍, ബാലുശ്ശേരി തരാന്‍ പറ്റില്ല. അവിടെ ചില പ്രശ്‌നങ്ങളുണ്ട്. സുല്‍ത്താന്‍ബത്തേരിയില്‍ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും പറഞ്ഞു. എല്ലാ പാര്‍ട്ടി സന്നാഹങ്ങളും ഈ മണ്ഡലത്തില്‍ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാല്‍ എല്ലാ സന്നാഹത്തിന്റേയും എതിര്‍പ്പാണ് ബത്തേരിയില്‍ നിന്ന് നേരിട്ടത്.

സി.കെ.ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ വോട്ട് ഗണ്യമായി കുറഞ്ഞു താമര ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍. വോട്ട് കുറഞ്ഞത് സംബന്ധിച്ച് വിലയിരുത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സി.കെ.ജാനു തന്നെ ഇങ്ങോട്ട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വോട്ട് മറിച്ച ആളുമായി സി.കെ.ജാനു കൂടുതല്‍ സൗഹൃദത്തിലായ കാഴ്ചയും കണ്ടു. കേരളത്തില്‍ വോട്ട് കുറഞ്ഞതില്‍ സന്തോഷിക്കുന്ന ഏക സ്ഥാനാര്‍ഥി സി.കെ.ജാനുവാണ്.

എത്ര വേണമെങ്കിലും പണം തരാന്‍ ബിജെപി തയ്യാറാണ്. എത്രയാണ് വേണ്ടതെന്ന് നിങ്ങള്‍ പറഞ്ഞോളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കൊപ്പം നിന്നാല്‍ കൂടുതല്‍ പണം കിട്ടും. അതുകൊണ്ട് പൈസ കിട്ടാത്തത് കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. തന്നെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കേണ്ടതുണ്ട്. കെ.സുരേന്ദ്രനുമായി സംസാരിക്കാന്‍ പാര്‍ട്ടി എന്നെയാണ് ഏല്‍പ്പിച്ചത്'പ്രസീത പറഞ്ഞു

പത്തുലക്ഷത്തിനുപുറമേ 25 ലക്ഷം നല്‍കിയെന്ന് പ്രസീതയുടെ മൊഴി

സി.കെ. ജാനുവിന് 10 ലക്ഷം നല്‍കിയതിനുപുറമേ ബി.ജെ.പി. 25 ലക്ഷം രൂപകൂടി നല്‍കിയെന്ന ആരോപണവുമായി ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ക്രൈംബ്രാഞ്ചിന് തെളിവുകള്‍ കൈമാറി. ജാനുവിന് 25 ലക്ഷം കൊടുക്കാന്‍ ബി.ജെ.പി.യുടെ സംഘടനാ സെക്രട്ടറി എം. ഗണേഷിനോട് പറഞ്ഞ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നതായി പറയപ്പെടുന്ന ശബ്ദരേഖയാണ് ഇതില്‍ പ്രധാനം. എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ ജാനുവിന് കെ. സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് അഴീക്കോട്ടെ വീട്ടിലെത്തി പ്രസീതയുടെ മൊഴിയെടുത്തത്.

ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയശേഷം ജാനുവിന് ബി.ജെ.പി. നേതാക്കള്‍ 25 ലക്ഷം കൈമാറിയെന്നും പ്രസീത അന്വേഷണസംഘത്തിന് മൊഴിനല്‍കി. 'ഗണേഷ് വിളിച്ചിട്ട് സി.കെ. ജാനു തിരിച്ചുവിളിച്ചില്ലേ എന്ന് ചോദിച്ച് തുടങ്ങുന്ന ശബ്ദരേഖയാണ് കെ. സുരേന്ദ്രന്റെതാണെന്ന് പറഞ്ഞ് പ്രസീത നല്‍കിയിട്ടുള്ളത്. ഞാന്‍ ഇന്നലെതന്നെ അത് വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. എങ്ങനെയാണ്, എവിടെയാണ് എത്തേണ്ടത്, എങ്ങനെയാണ് വാങ്ങിക്കുന്നത് എന്ന് ചോദിക്കാന്‍ വേണ്ടിയായിരിക്കും അദ്ദേഹം വിളിച്ചിട്ടുണ്ടാകുക. 25 തരാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആവശ്യത്തിന്. അത് മനസ്സിലായല്ലോ. നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിനുവേണ്ടി 25 തരാന്‍ ഗണേശ്ജിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതു തരും. ബാക്കികാര്യങ്ങള്‍ അവിടത്തെ മണ്ഡലം പാര്‍ട്ടിക്കാരാണ് ചെയ്യുന്നത്. നിങ്ങളുടെ പാര്‍ട്ടിക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. സി.കെ. ജാനുവിനോട് തിരിച്ചുവിളിക്കാന്‍ പറയൂ. ഗണേശ്ജി ആരാണെന്ന് അവര്‍ക്ക് മനസ്സിലായില്ലേ. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് അദ്ദേഹം' എന്നു പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്.

മാര്‍ച്ച് 25-നാണ് സുരേന്ദ്രന്റെ ഫോണ്‍ വന്നതെന്നും തൊട്ടടുത്ത ദിവസം രാവിലെ ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്നും പ്രസീത മൊഴിനല്‍കിയിട്ടുണ്ട്.