കോട്ടയം പ്രദീപ് | Photo: https:||www.facebook.com|pradeep.kottayam.3
കോട്ടയം: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും അനുശോചിച്ചു
കോട്ടയം പ്രദീപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സില്‍ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും പത്തു വര്‍ഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നില്‍ക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാടകത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് വന്ന് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ പ്രദീപ് കോട്ടയത്തിന്റെ ആകസ്മിക വിയോഗം വേദനാജനകമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Content Highlights: pradeep kottayam passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..