കോഴിക്കോട്:  ലോക്ക്ഡൗണ്‍ കാലം ജീവിതം ലോക്കായി പോയവരില്‍ ഏറ്റവും വിഷമം അനുഭവിക്കുന്നവരായിരുന്നു ലോട്ടറി തൊഴിലാളികള്‍. കോഴിക്കോട് ചെറൂട്ടി റോഡില്‍ ലോട്ടറി വില്‍ക്കുന്ന 76 വയസ്സുകാരന്‍ പ്രഭുവിനെ മാതൃഭൂമി ഡോട്‌ കോം കണ്ടെത്തിയത് ഏറെ വിഷമത്തോടെയായിരുന്നു. 

ഒറ്റമുറി വീട്ടില്‍ ഭക്ഷണത്തിന്  പോലും വകയില്ലാതെ  ജീവിക്കുന്ന പ്രഭുവിന്റെ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേരാണ് സഹായിക്കാനെത്തിയത്.

ചെറൂട്ടി റോഡില്‍ തന്നെയുള്ള ഹോട്ടലില്‍നിന്ന് രണ്ട് നേരവും സൗജന്യമായി ഭക്ഷണം ഏര്‍പ്പാടാക്കി നല്‍കിയിട്ടുണ്ട് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത മനുഷ്യസ്‌നേഹി. പലരും ചെറുതും വലുതുമായ പണമായും സഹായിച്ചു. വീഡിയോ സ്‌റ്റോറി കണ്ട് യു.എസില്‍നിന്നുള്ള മറ്റൊരാള്‍ പതിനായിരം രൂപ കഴിഞ്ഞ ദിവസം അയച്ചു തന്നുവെന്നും പ്രഭു പറഞ്ഞു.

ചെറൂട്ടി റോഡിനടുത്ത ഒരു വീടിന് പുറത്തുള്ള ഒറ്റമുറി മുറിയിലായിരുന്നു അയ്യായിരം രൂപ മാസ വാടകയ്ക്ക്  പ്രഭു താമസിച്ച് വന്നത്. ലോട്ടറി  കച്ചവടം  നിന്നതോടെ വാടക നല്‍കാനും ഭക്ഷണം കഴിക്കാനും നിവിര്‍ത്തിയില്ലാതായി പോയിരുന്നു. ഭാര്യയും മക്കളുമൊന്നുമില്ലാത്ത പ്രഭുവിന്റെ ഏക ആശ്രയമായിരുന്നു ലോട്ടറി കച്ചവടം.  ഭാഗികമായി ലോട്ടറി കച്ചവടം പുന:രാരംഭിച്ചെങ്കിലും ജീവിതം ഇനിയും തിരിച്ച് പിടിക്കാനായിട്ടില്ല പ്രഭുവിനെ പോലുള്ളവര്‍ക്ക്.