വൈദ്യശുശ്രൂഷ ഒരു സാംസ്‌കാരികധര്‍മം| പി.ആര്‍. കൃഷ്ണകുമാര്‍-അഭിമുഖം


പി.ആർ. കൃഷ്ണകുമാർ | Photo: Mathrubhumi

രീരത്തിന്റെ വ്യാധികളെ ചികിത്സിച്ചുമാറ്റുന്ന ചികിത്സാപദ്ധതി മാത്രമല്ല ആയുര്‍വേദം. അതൊരു ജീവിതസംസ്‌കാരംകൂടിയാണ്. ഒരു ആയുര്‍വേദ ചികിത്സാലയം വര്‍ഷങ്ങളിലൂടെ പടര്‍ന്ന് പന്തലിക്കുമ്പോള്‍ അത് മനുഷ്യന്റെ സമസ്ത ആരോഗ്യത്തിന്റെയും സംസ്‌കാരത്തിന്റേയും കാവലാളാവുകയാണ് ചെയ്യുന്നത്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ഇന്ന് നമ്മുടെ ആയുര്‍വേദചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരന്‍ പി.ആര്‍. കൃഷ്ണകുമാറുമായി ഡോ. എന്‍.പി. വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം.

വര്‍ഷങ്ങള്‍ക്കുമുമ്പാണ്: കോയമ്പത്തൂരില്‍ സ്ഥിരമായി ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന കരുത്തനായ ഒരാള്‍ ഒരു ദിവസം ഊണുകഴിക്കുന്ന നേരത്ത് പക്ഷാഘാതംവന്ന് കുഴഞ്ഞുവീണു. അയാളെ ലോറിയില്‍ക്കിടത്തി ആര്യവൈദ്യന്‍ പി.വി. രാമവാരിയരുടെ അടുത്തെത്തിച്ചു.

104 ഡിഗ്രി പനിയുമായി അവശനായിക്കണ്ട രോഗിയെ നോക്കി, 'ഏഴുദിവസംകൊണ്ട് മോട്ടോര്‍ സൈക്കിളില്‍ത്തന്നെ പോകാറാക്കിത്തരാം' എന്ന് രാമവാരിയര്‍ ഉറപ്പുകൊടുത്തു.

അദ്ദേഹം നേരിട്ടുതന്നെ ധാരയും പിഴിച്ചിലും നടത്തി. വൈദ്യന്റെ ആത്മവിശ്വാസമാണ് രോഗിയുടെ രക്ഷ. അവശത വെടിഞ്ഞ് അയാള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോകുന്നത് രാമവാരിയരുടെ മകന്‍ കൃഷ്ണകുമാര്‍ നോക്കിനിന്നു.

അച്ഛനെപ്പോലെ ഒരു ചികിത്സകനാവണമെന്ന് മകന്‍ മനസ്സില്‍ ആഗ്രഹിച്ചു, പ്രാര്‍ഥിച്ചു. സര്‍ റോബര്‍ട്ട് െസ്റ്റയ്ന്‍സ് യൂറോപ്യന്‍ ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ഷൊര്‍ണൂര്‍ കേരളീയ ആയുര്‍വേദസമാജത്തില്‍ ചേര്‍ന്നു.

രാഷ്ട്രീയ നിറമേതുമില്ലാത്ത 'ആയുര്‍വേദിക് സ്റ്റുഡന്റ്സ് യൂണിയന്‍' രൂപവത്കരിച്ച് സംഘടനാപ്രവര്‍ത്തനം തുടങ്ങി. ഇംഗ്ലീഷില്‍ പ്രസംഗിച്ച് വ്യത്യസ്തനായി. യൂണിയന്‍ ചെയര്‍മാനായി വിവിധ കോളേജുകളില്‍ പ്രാസംഗികനായി അലഞ്ഞു. പരീക്ഷയെഴുതാനുള്ള ഹാജര്‍ കുറവായി. ഒപ്പംനിന്നവര്‍ അകന്നു.

ആയുര്‍വേദം ഗാഢമായി പഠിച്ച് വൈദ്യനാവണോ വൈദ്യന്മാരെ സൃഷ്ടിക്കുന്നവനാവണോ എന്ന ചിന്ത കൃഷ്ണകുമാറില്‍ വന്നു. വിദ്യാഭ്യാസരീതിയില്‍ വലിയ തിരുത്തലിന്റെ ആവശ്യകത തിരിച്ചറിഞ്ഞപ്പോള്‍ എഴുതിയ ഉത്തരക്കടലാസ് വലിച്ചുകീറി പ്രിന്‍സിപ്പലിന് സമര്‍പ്പിച്ച് ആ യുവാവ് കോളേജ് വിട്ടിറങ്ങി.

അപ്പോഴേക്കും ഓഷോ രജനീഷിന്റെ 'be a rebel' എന്നതിന്റെ സ്വാധീനം കേശാദിപാദം കൃഷ്ണകുമാറിനെ ബാധിച്ചിരുന്നു. ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്ക്കുള്ള ഒറ്റയാള്‍ പോരാട്ടമായിരുന്നു തുടര്‍ന്നുള്ള ആ ജീവിതം.

സ്വയം തയ്യാറാക്കിയ സിലബസുമായി ഭാരതസര്‍ക്കാറിന്റെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തി. ലോകാരോഗ്യസംഘടനയ്ക്ക് ആയുര്‍വേദത്തിന്റെ ശാസ്ത്രീയത ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളില്‍ മുഴുകി.

രക്തവാതവിഷയത്തില്‍ നടത്തിയ ഗവേഷണപ്രബന്ധം ലോകാരോഗ്യസംഘടനയുടെ ക്ഷണപ്രകാരം ഓസ്ട്രേലിയയില്‍ അവതരിപ്പിച്ചു. അലോപ്പതിയുമായുള്ള താരതമ്യത്തിലും ആയുര്‍വേദത്തിന്റെ ശാസ്ത്രീയത തെളിയിച്ചു.

മനുഷ്യന്‍ ജനിച്ച കാലംമുതല്‍ വ്യാധികളുണ്ടെന്നും അതത് രാജ്യങ്ങളിലെ ഔഷധസസ്യങ്ങളാണ് ഔഷധരീതികള്‍ക്കനുസരിച്ച് അവ മാറ്റിയതെന്നുമായിരുന്നു പ്രബന്ധസാരസംഗ്രഹം.

അച്ഛന്‍ രാമവാരിയരുടെ 100-ാം ജന്മദിനാഘോഷവേളയില്‍ ലോസ് അഞ്ജലസ് യൂണിവേഴ്സിറ്റിയിലെ ഡോ. ഡാനില്‍ഫോസ്റ്റ്, ആയുര്‍വേദം അലോപ്പതിക്ക് ഒപ്പംനില്‍ക്കുന്നതും പാര്‍ശ്വഫലമില്ലാത്തതുമാണെന്നും മൂവായിരം വൈദ്യസദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചപ്പോള്‍ അച്ഛന്‍ ആയുര്‍വേദത്തിന്റെ ആധുനികതയ്ക്കായി യത്‌നിച്ചതിനെ പിന്‍ഗാമിയായി താന്‍ പൂരിപ്പിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു കൃഷ്ണകുമാര്‍.

അച്ഛന്‍ വിഭാവനംചെയ്ത ആയുര്‍വേദപഠനവും ചികിത്സയും മരുന്നിലെ കൃത്യതയും ഭിഷഗ്വരനിര്‍വഹണത്തിലെ സാംസ്‌കാരിക സമീപനവും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ മഹിതവും മഹനീയവുമായ രീതിയില്‍ സാക്ഷാത്കരിക്കുകയാണ് ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ തുടര്‍ന്നുചെയ്തത്.

ഈ വൈദ്യസ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച കൃഷ്ണകുമാര്‍ 'അവിനാശലിംഗം യൂണിവേഴ്സിറ്റി ഫോര്‍ വിമണി'ന്റെ ചാന്‍സലര്‍ കൂടിയായിരുന്നു.

75 വര്‍ഷത്തിന്റെ വൈദ്യവഴി പിന്നിട്ട ആര്യവൈദ്യഫാര്‍മസിയുടെ ചരിത്രവും വര്‍ത്തമാനവും ആയുര്‍വേദത്തിന്റെ വികാസഘട്ടത്തിന്റെ ഭാഗംകൂടിയാണ്. മലയാളിക്ക് കോയമ്പത്തൂര്‍ എന്നാല്‍ കോട്ടക്കല്‍പോലെ മരുന്നിന്റെ ദേശംകൂടിയായി, മാറിയ സാഹചര്യം പദ്മശ്രീ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.

താങ്കള്‍ പിന്‍പറ്റുന്ന വൈദ്യപാരമ്പര്യത്തിന്റെ കാതല്‍ എന്താണ്

മുത്തച്ഛന്‍ മങ്കളങ്ങര കുഞ്ഞന്‍വാരിയര്‍ വൈദ്യമഠം കുടുംബത്തില്‍നിന്നാണ് വൈദ്യം പഠിച്ചത്. അദ്ദേഹം കവിയുമായിരുന്നു. അച്ഛന്‍ പി.വി. രാമവാരിയര്‍ വൈദ്യരത്‌നം പി.എസ്. വാരിയരുടെ ശിഷ്യനായിരുന്നു. ഈ പൈതൃകവും പാരമ്പര്യവും അച്ഛന്റെ ആധുനികവീക്ഷണവുമാണ് എന്റെ ചാലക ശക്തി.

അച്ഛന്‍ കോയമ്പത്തൂരില്‍ വൈദ്യസ്ഥാപനം തുടങ്ങാനുണ്ടായ സാഹചര്യം എന്തായിരുന്നു

pr krishnakumar
അച്ഛന്‍ പി.വി. രാമവാരിയര്‍ക്കൊപ്പം കൃഷ്ണകുമാര്‍.

പി.എസ്. വാരിയരുടെ വത്സലശിഷ്യനായിരുന്നു അച്ഛന്‍. ഗുരുവും ശിഷ്യനും പാടവരമ്പിലൂടെ ശ്ലോകംചൊല്ലി നടക്കുമ്പോള്‍ 'രാമന്‍ എന്തൊക്കെ ചെടികള്‍ കണ്ടു' എന്നാവും പി.എസ്. വാരിയരുടെ ചോദ്യം.

ശ്ലോകം ചൊല്ലുകയല്ലേ എന്ന് ചോദിച്ചാല്‍, 'അത് നാവുകൊണ്ടല്ലേ, കണ്ണുകൊണ്ടല്ലേ കാണുക' എന്നാവും മറുചോദ്യം. അപ്പോള്‍ത്തന്നെ ശ്ലോകം പഠിപ്പിക്കാന്‍ തുടങ്ങും. അവിടെ കാതല്ലേ വേണ്ടത് എന്നാവും പി.എസ്. വാരിയരുടെ പക്ഷം.

പെട്ടെന്ന് വെള്ളം ദാഹിക്കുന്നു എന്നുപറഞ്ഞാല്‍ എവിടെ വെള്ളം കിട്ടുമെന്ന് അന്വേഷിക്കേണ്ട. സമൃദ്ധമായി ഇളനീരുള്ള തെങ്ങിന്‍ചുവട്ടിലാവും അവര്‍ നിന്നിട്ടുണ്ടാവുക.

ഇത്തരം പ്രായോഗികതകള്‍ ജീവിതപാഠമാക്കിയ അച്ഛന്‍, ഗുരുനാഥനുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആര്യവൈദ്യശാലയിലെ പ്രവൃത്തിവിട്ട് 1940-ല്‍ 16 ഉറുപ്പികയുമായി കോയമ്പത്തൂരില്‍ എത്തിയതാണ്.

ജസ്റ്റിസ് കുപ്പുസ്വാമി അയ്യര്‍, സര്‍ ഷണ്‍മുഖം ചെട്ടി, ജി.ഡി. നായിഡു തുടങ്ങിയവരുടെ സഹകരണമാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ രൂപവത്കരണത്തിന് ഹേതു.

ദിവസം 20 മണിക്കൂര്‍ അവിശ്രമം ജോലിചെയ്ത്, മനസ്സിന്റെയും ശരീരത്തിന്റെയും ഊര്‍ജം ആയുര്‍വേദത്തിന്റെ ഉന്നമനത്തിന് സമര്‍പ്പിച്ച് അച്ഛന്‍ സാക്ഷാത്കരിച്ച വൈദ്യകേന്ദ്രമാണിത്. അതിനപ്പുറം കോയമ്പത്തൂരിലെ പൗരപ്രധാനിയായും അച്ഛന്‍ മാറി.

മാനവികതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഇ.എം.എസും എ.കെ.ജി.യും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. അവരേയും അവരെ അന്വേഷിച്ചുവന്ന ഉദ്യോഗസ്ഥരെയും തന്ത്രപരമായി, കൂട്ടിമുട്ടിക്കാതെ അച്ഛന്‍ വീട്ടില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തെലങ്കാനയിലെ നക്‌സല്‍നേതാവിനടക്കം അച്ഛന്‍ അഭയംനല്‍കിയിട്ടുണ്ട്. ജാതി-മത- രാഷ്ട്രീയത്തിനപ്പുറമുള്ള മനുഷ്യസ്‌നേഹമായിരുന്നു അച്ഛന്റെ സ്വീകാര്യതയുടെ ഹേതു.

കേരളീയതയില്‍നിന്ന് വിഭിന്നമായി തമിഴകത്ത് ആയുര്‍വേദസംസ്‌കാരവും വിശ്വാസവും കൊണ്ടുവരാന്‍ അച്ഛന് സാധിച്ചതിന് സാക്ഷിയാണല്ലോ താങ്കള്‍. ആ വിധം എന്തായിരുന്നു

ട്രിച്ചിയില്‍ ശാസ്ത്രിമാരുടെ പാരമ്പര്യവൈദ്യമായിരുന്നു അച്ഛന്‍ കോയമ്പത്തൂരില്‍ എത്തുന്നതുവരെ നിലനിന്നിരുന്നത്. കേരളീയമായ വൈദ്യരീതി തമിഴ്നാട്ടുകാര്‍ സ്വീകരിച്ചതിനും പ്രയോജനപ്പെടുത്തിയതിനും പിന്നില്‍ അച്ഛന്റെ അഹോരാത്രപ്രയത്‌നമുണ്ട്.

വൈകുന്നേരം മൈസൂര്‍ മഹാരാജാവിനെ കണ്ടതിനുശേഷം സ്വയം കാറോടിച്ച് രാവിലെ കഞ്ചിക്കോട്ടെത്തി ഔഷധച്ചെടികള്‍ പരിപാലിച്ചിരുന്ന അച്ഛന്റെ ചിത്രം ഓര്‍മയുണ്ട്. ആദ്യമൊക്കെ യോഗം എഴുതിക്കൊടുക്കാനായിരുന്നു അച്ഛന് താത്പര്യം. ശാസ്ത്രത്തിനെ വിശ്വസിക്കാം എന്നായിരുന്നു അച്ഛന്റെ മതം.

ആയുര്‍വേദത്തിന്റെ പുതിയകാലം അച്ഛന്‍ വിഭാവനംചെയ്തത് എപ്രകാരമാണ്

വിദ്യാഭ്യാസരീതി പരിഷ്‌കരിക്കണം, കൂടുതല്‍ ഗവേഷണം വേണം. വടക്കേ ഇന്ത്യയിലേതടക്കമുള്ള ആയുര്‍വേദ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ മനസ്സിലാക്കി അവ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കണം എന്നതൊക്കെ അച്ഛന്റെ ചിന്താപദ്ധതികളായിരുന്നു. 1962-ല്‍ സ്റ്റീം വെച്ച് മരുന്നുണ്ടാക്കാന്‍ തുടങ്ങി.

ചികിത്സയുടെ നീതിശാസ്ത്രം സംരക്ഷിക്കുമ്പോള്‍ത്തന്നെ ഔഷധനിര്‍മാണമടക്കം അതൊരു വ്യവസായത്തിന്റെ തലത്തിലേക്ക് വരുമ്പോള്‍ ആ വൈരുധ്യത്തെ സമീപിക്കുന്നത് എങ്ങനെയാണ്?

വൈദ്യശുശ്രൂഷ ഒരു സാംസ്‌കാരികധര്‍മമായിട്ടാണ് ഞങ്ങള്‍ കാണുന്നതും പുലര്‍ത്തുന്നതും; വ്യവസായം രണ്ടാമതാണ്. സേവനത്തിനാണ് മുന്‍തൂക്കം. കലാകാരന്‍മാര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയപ്രമുഖര്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അവരെ നോക്കേണ്ടത് നമ്മുടെ ചുമതലയാണ്. അത് പണാധിഷ്ഠിതമാവരുത് എന്ന തത്ത്വം പാലിക്കണം.

ഔഷധവും വിദ്യയും ഒരിക്കലും വില്‍ക്കരുത് എന്ന തത്ത്വശാസ്ത്രത്തില്‍ അച്ഛന്‍ വിശ്വസിച്ചു. ആയുര്‍വേദ കോളേജ് ഗുരുകുലരീതിയില്‍ നടത്താന്‍ സാധിച്ചു. വസ്ത്രം, ഭക്ഷണം, താമസം, പഠനം എല്ലാം സൗജന്യമായിട്ടുതന്നെ നല്‍കി പല തലമുറയെ വാര്‍ത്തെടുത്തു.

കോയമ്പത്തൂര്‍ ഫാര്‍മസിയുടെ ചികിത്സയുടെ രീതിശാസ്ത്രം എന്താണ്? പുതിയകാലത്ത് താങ്കള്‍ പിന്‍പറ്റുന്ന വൈദ്യനീതിയിലെ ദര്‍ശനമെന്താണ്.

മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ മാറാത്ത നീതികളെ ചികിത്സിക്കുക എന്നുപറയാം. അന്തഃശുദ്ധീകരണം ഹൃദയശുദ്ധി ഉണ്ടാകുന്നു; അത് ചിന്താശുദ്ധി വളര്‍ത്തുന്നു. അത്തരം സഹൃദയസമീപനചികിത്സയാണ് ഞങ്ങളുടേത്. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ടായിട്ടും ഞങ്ങളുടെ വാര്‍ഷികവിറ്റുവരവ് നൂറുകോടി കടന്നിട്ടില്ല എന്നതില്‍ത്തന്നെ ലാഭംമാത്രം ലക്ഷ്യമല്ല എന്നുവരുന്നുണ്ടല്ലോ.

ആയുര്‍വേദത്തിന്റെ മൂല്യസംരക്ഷണമാണ് ഞങ്ങള്‍ക്ക് പ്രധാനം. ചികിത്സതേടിവന്നവര്‍ സമാശ്വാസത്തോടെ തിരിച്ചുപോകുന്നത് കാണുമ്പോഴുള്ള സന്തോഷമുണ്ടല്ലോ, അതാണ് ഞങ്ങളുടെ മൂലധനം.

വ്യത്യസ്ത മേഖലകളിലെ ഉന്നതവ്യക്തിത്വങ്ങളെ ചികിത്സിച്ച് സുഖപ്പെടുത്തിയ അനുഭവങ്ങളുണ്ടല്ലോ.

അതിശയപ്പെടുത്തുന്ന വ്യക്തിത്വമായിരുന്നു അജ്ഞാതനായ മലയാളി നാരായണ്‍ജി. നൂറ്റിഇരുപതാം വയസ്സില്‍-ഒരുപക്ഷേ അതിനുമപ്പുറം വയസ്സുണ്ടാവും-ഇവിടെവെച്ച് സമാധിയായിട്ടുണ്ട്.

ഷണ്‍മുഖം ചെട്ടിയുടെ മാറാവ്യാധി അച്ഛന്‍ ഭേദപ്പെടുത്തിയിട്ടുണ്ട്. ചിന്മയാനന്ദസ്വാമി, എ.കെ.ജി., അഭേദാനന്ദസ്വാമി, പനമ്പിള്ളി ഗോവിന്ദമേനോന്‍, വി.വി. ഗിരി, ഡോ. എസ്. രാധാകൃഷ്ണന്‍, പണ്ഡിറ്റ് രവിശങ്കര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അബ്ദുന്നാസര്‍ മഅദനി, യേശുദാസ്, സോണാല്‍ മാന്‍സിങ്, ഭാരതശ്രീ ശിവജി, മോഹന്‍ലാല്‍, കെ.എസ്. ചിത്ര, ഭരത് ഗോപി, കെ.ആര്‍. നാരായണന്‍, ആര്‍. വെങ്കിട്ടരാമന്‍, നീലം സഞ്ജീവറെഡ്ഢി, രാംനാഥ് ഗോയങ്ക, അരുണ്‍ഷോരി, എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങി പല മേഖലകളിലെ പ്രശസ്തര്‍ ഇവിടെ ചികിത്സാസൗഖ്യം അനുഭവിച്ചിട്ടുണ്ട്. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ വേറെയും.

ആ ഓര്‍മയിലെ അപൂര്‍വ അനുഭവങ്ങള്‍

വലതുകൈയിലെ ചൂണ്ടുവിരലില്‍ വേദനയായിട്ടാണ് ഇന്ദിരാഗാന്ധി എത്തുന്നത്. 'അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒപ്പുവെച്ച വിരലായതുകൊണ്ടാണ് അധിക വേദന'യെന്ന് ഞാന്‍ പറയുകയുണ്ടായി. ആ നര്‍മം ഇന്ദിരാഗാന്ധി ആസ്വദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്യവൈദ്യ ഫാര്‍മസിയില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് ഡല്‍ഹിയില്‍വെച്ച് ചികിത്സയുണ്ടായിട്ടുണ്ട്. ഭഗവദ്ഗീത വായിക്കുന്ന മഅദനിയെ എനിക്കറിയാം. ഓഷോയെ പിന്തുടരുന്ന യേശുദാസിനെയും മോഹന്‍ലാലിനെയും കണ്ടിട്ടുണ്ട്.

ആയുര്‍വേദത്തിനുവേണ്ടി സദാ വാദിക്കുന്ന താങ്കളുടെ, അലോപ്പതിയോടുള്ള സമീപനം എന്താണ്

വൈദ്യശാസ്ത്രപ്രകാരം നമുക്ക് സാധിക്കാത്തത് അലോപ്പതിക്ക് വിടുക എന്നതാണ് എന്റെ ദര്‍ശനം.

നിപ പോലുള്ള പുതുവ്യാധികള്‍ വരുന്നു. രോഗാതുരമാകുന്ന ഒരു സമൂഹം രൂപപ്പെടുന്നതിന്റെ സാഹചര്യങ്ങളെക്കുറിച്ച് നിരീക്ഷിച്ചിട്ടുണ്ടോ? ആയുര്‍വേദത്തിന് ഇവിടെ എത്രത്തോളം സാധ്യതകളുണ്ട്?

ആളുകളുടെ ശരീരത്തിന് പൊതുവേ ഓജശ്ശക്തി കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷമലിനീകരണം, ജീവിതശൈലിയില്‍ വന്ന മാറ്റം, ഫാസ്റ്റ്ഫുഡിനോടുള്ള ആസക്തി എന്നിവയൊക്കെ പുതുരോഗങ്ങള്‍ക്ക് കാരണമാണ്.

രണ്ട് യാമത്തിലധികം സൂക്ഷിച്ച ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന വിധിയുള്ളിടത്താണ് ഫ്രിഡ്ജില്‍ മാസങ്ങളോളം സൂക്ഷിച്ച ഭക്ഷണം കഴിക്കുന്നത്. പോഷകാഹാരമുള്ള ഭക്ഷണം കഴിക്കില്ല എന്നുമാത്രമല്ല ദോഷവും വിഷവുമുള്ള ഭക്ഷണം ധാരാളം കഴിക്കുകയും ചെയ്യും.

അവനവന്റെ ബാഹ്യവും ആന്തരികവുമായ ശക്തി വര്‍ധിപ്പിക്കാന്‍ യോഗ, പ്രാണായാമം, ധ്യാനം, പ്രാര്‍ഥന എന്നിവ ഉപകരിക്കും. ഒപ്പം നിര്‍ദേശിക്കപ്പെട്ട ആയുര്‍വേദമരുന്നുകളും കഴിക്കാം.

പണ്ട് ഔഷധമായിരുന്ന അന്നം ഇന്ന് വിഷമാണ്. ആരോഗ്യത്തിന് ഉതകാത്ത ഭക്ഷണത്തോടാണ് നമുക്ക് താത്പര്യം. ഔഷധക്കഞ്ഞി കര്‍ക്കടകത്തിലേ പാടുള്ളൂ എന്നില്ല. ദേശ-കാല-ബലത്തിനനുസരിച്ച് കഴിക്കാം. നമ്മള്‍ പഴയ ഭക്ഷണസംസ്‌കാരത്തിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു.

നാടിന്റെ മുക്കിനും മൂലയ്ക്കും ആയുര്‍വേദകേന്ദ്രങ്ങള്‍, സകലരോഗനിവാരണം പരസ്യപ്പെടുത്തി മുളച്ചുപൊന്തുന്നുണ്ടല്ലോ. താങ്കളുടെ 'നോട്ടം' അറിയാന്‍ കൗതുകമുണ്ട്

അത്തരം 'സ്പാ' (SPA) സംസ്‌കാരം ആയുര്‍വേദത്തിനും ശരീരത്തിനും ദോഷമാണ്. ഒരു വൈദ്യന്‍ വ്യക്തിയെ ശരീരപ്രകൃതി അറിഞ്ഞ് പരിശോധിച്ചുവേണം ചികിത്സ നിശ്ചയിക്കാന്‍. 'വിധി'ക്ക് വിപരീതമായ ചികിത്സ നടത്തുന്നവരുണ്ട്. ഒറ്റദിവസത്തെ പഞ്ചകര്‍മമൊക്കെ വിധിക്കെതിരാണ്.

പലകാലങ്ങളിലായി മഹര്‍ഷിതുല്യരായ ഭിഷഗ്വരന്മാര്‍ ജീവിച്ച സ്ഥലമാണ് കേരളം. മഹാന്മാരായ വൈദ്യന്മാരുടെ പരമ്പര അവസാനിക്കുകയാണോ?

ഇനി നല്ല തലമുറ വളര്‍ന്നുവരില്ലെന്ന ഭയം ഒരുകാലത്തുണ്ടായിരുന്നു. പക്ഷേ, ഇന്ന് അതല്ല സ്ഥിതി. ഫാര്‍മസിയില്‍ ഗുരുകുലരീതിയില്‍ പഠിപ്പിക്കുന്ന കാലത്ത് അന്നത്തെ പ്രഗല്ഭരായ വൈദ്യന്മാരെയെല്ലാം ക്ഷണിച്ച് ക്ലാസെടുപ്പിച്ചിരുന്നു.

അവരുടെ സാധന, ആത്മീയത, വൈദ്യമഹത്ത്വം, ജീവിതം എന്നിവയെല്ലാം അറിഞ്ഞ് പാകപ്പെട്ട പുതിയ തലമുറ ഉണ്ടായിട്ടുണ്ട്. അവരത് അടുത്ത തലമുറയ്ക്ക് കൈമാറുന്നുമുണ്ട്. വൈദ്യന്‍ ഗോപാലപ്പൊതുവാളുടെ മകന്‍ ഡോ. കെ.ജി. രവീന്ദ്രനാണ് ഫാര്‍മസിയിലെ പ്രധാന ചികിത്സകന്‍. കാലാനുസൃതമായ ഭാവുകത്വമുള്ള ഭിഷഗ്വരനാണ് രവീന്ദ്രന്‍. അത്തരമൊരു തലമുറയും നിലവിലുണ്ട്.

ആയുര്‍വേദത്തിലെ കോയമ്പത്തൂര്‍ സമ്പ്രദായം എന്നൊന്നുണ്ടെങ്കില്‍ അതെന്താണ്

കോയമ്പത്തൂര്‍ ആയുര്‍വേദ വിദ്യാഭ്യാസസംസ്‌കാരം എന്ന ഒന്നുണ്ട്. ദിവസം 20 മണിക്കൂര്‍വീതം 20 കൊല്ലം ഗുരുവിന്റെ കാല്‍ക്കീഴിലിരുന്ന് പഠിച്ചിട്ടും അല്‍പംമാത്രം വശമാക്കാന്‍ സാധിക്കുന്ന ആയുര്‍വേദം നാലഞ്ചുകൊല്ലംകൊണ്ട് എങ്ങനെ പഠിച്ചെടുക്കും! ഇവിടെയാണ് ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി.

ശാസ്ത്രീയാവബോധത്തോടെ ചികിത്സിക്കാന്‍ പര്യാപ്തമായ തലമുറയെ ഞങ്ങള്‍ സമൂഹത്തിന് കൈമാറിയിട്ടുണ്ട്. എന്റെ ഗവേഷണവും വിദേശത്തെ പ്രബന്ധാവതരണവും സര്‍ക്കാരിനുമേലുള്ള സമ്മര്‍ദവുമെല്ലാം ആയുര്‍വേദചര്‍ച്ചയ്ക്ക് ഉപകരിച്ചു. അവസാനത്തെ കൈക്ക് ആയുര്‍വേദം പഠിക്കാനെത്തുന്നവര്‍ എന്ന സ്ഥിതി മാറി. അതിനായി സമര്‍പ്പിച്ച് ചേരുന്നവരെ കണ്ടുതുടങ്ങി.

ഫാര്‍മസിയിലെ ധന്വന്തരിക്ഷേത്രോത്സവം മറ്റൊരു കേരളോത്സവംതന്നെയാണല്ലോ...

ആ ധന്വന്തരീചൈതന്യമാണ് ഞങ്ങളുടെ രക്ഷ. ഏപ്രിലില്‍ അഞ്ചുദിവസത്തെ ഉത്സവം. പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിക്കും. ഇപ്പോഴും നിത്യവും അന്നദാനവുമുണ്ട്. സംസ്‌കാരത്തിന്റെ സംരക്ഷണംകൂടിയാണത്.

കേരളസംസ്‌കാരത്തെയും നമ്മുടെ വൈദ്യസംസ്‌കാരത്തെയും അക്ഷരങ്ങളിലൂടെ പ്രകാശിപ്പിച്ചത് 'മാതൃഭൂമി'യാണ്. മാതൃഭൂമിയുമായി പതിറ്റാണ്ടുകളുടെ സൗഹൃദമുണ്ടല്ലോ...

'മാതൃഭൂമി'യുടെ സ്ഥാപകന്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടുമുതല്‍ തുടങ്ങുന്നു കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിക്ക് മാതൃഭൂമിയുമായുള്ള ബന്ധം. കോഴിപ്പുറത്ത് മാധവമേനോന്‍, പി. നാരായണന്‍ നായര്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം വേറെയും.

അച്ഛനും കെ.പി. കേശവമേനോനും തമ്മിലുണ്ടായിരുന്ന ആത്മബന്ധം വിവരണാതീതമാണ്. എനിക്കും നല്ല ബന്ധമായിരുന്നു. മാതൃഭൂമിയുടെ ധാരാളം ബോര്‍ഡ്മീറ്റിങ്ങുകള്‍ ഇവിടെ കൂടിയിട്ടുണ്ട്. ഭക്ഷണപ്രിയന്‍കൂടിയായിരുന്ന കെ.പി. കേശവമേനോന് ആതിഥ്യമൊരുക്കാന്‍ ഞങ്ങള്‍ക്ക് ഉത്സാഹമായിരുന്നു. ആ ബന്ധം എം.പി. വീരേന്ദ്രകുമാറിലും എത്തിയിരുന്നു. ഫാര്‍മസിയുടെ 75-ാം വാര്‍ഷികം കോഴിക്കോട്ടുവെച്ച് ആഘോഷിച്ചപ്പോള്‍ അച്ഛനെക്കുറിച്ചുള്ള പുസ്തകം പ്രകാശനംചെയ്തത് വീരേന്ദ്രകുമാറാണ്. 'താഴ്മതാനഭ്യുന്നതി എന്ന കവിവാക്യമോര്‍മപ്പെടുത്തുംവിധം മലയാളിയുടെ അഭിമാനമാണ് ഫാര്‍മസിയും ധന്വന്തരിക്ഷേത്രവു'മെന്ന് അദ്ദേഹം പ്രസംഗിച്ചപ്പോള്‍, കോഴിക്കോട്ടുനിന്ന് ആരംഭിച്ച അച്ഛന്റെ പ്രയാണത്തിലെ സത്യകാവ്യനീതിക്കുള്ള ശ്രദ്ധാഞ്ജലികൂടിയായി ആ വാക്കുകള്‍ മാറുകയായിരുന്നു. മലയാളികളുടെ അഭിമാനമാണ് മാതൃഭൂമി.

താങ്കളുടെ അവിവാഹിതജീവിതത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും പൊരുള്‍

ആയുര്‍വേദത്തിന്റെ ഉന്നമനം എന്ന ലക്ഷ്യം ഒരു തപസ്സുപോലെ എടുക്കേണ്ടിവന്നു. ഈ ത്യാഗനിഷ്ഠയ്ക്ക് വിവാഹം, കുടുംബം എന്നിവയെല്ലാം വേണ്ടത്ര അനുകൂലമാവില്ല എന്നുതോന്നി. അതില്‍ ഖേദവുമില്ല.

'അത്രമേല്‍ ആയുര്‍വേദസ്‌നേഹിയായ' താങ്കള്‍ ആയുര്‍വേദത്തിന്റെ വരുംകാലഭദ്രതയെ വിലയിരുത്തുന്നവിധം എപ്രകാരമാണ്

ഒരുകാലത്ത് ഭാരതത്തിന്റെ മൗലിക ചികിത്സാസമ്പ്രദായമായിരുന്ന ആയുര്‍വേദം പഴയ സ്ഥാനത്തേക്ക് തിരിച്ചുവന്ന് ലോകം സ്വീകരിക്കുന്ന ചികിത്സാവിധിയായി മാറും.

നല്ലൊരു വായനക്കാരനുമാണല്ലോ? ഊര്‍ജം നല്‍കിയ എഴുത്തുകാര്‍ ആരൊക്കെയാണ്

ഓഷോ മുഴുവന്‍ വായിച്ചു. രമണമഹര്‍ഷി, അരബിന്ദോ, ജിദ്ദു കൃഷ്ണമൂര്‍ത്തി, നിത്യചൈതന്യയതി മുതല്‍ കാപ്രവരെ എന്നുപറയാം. വായന എന്റെ ദൗര്‍ബല്യമാകുന്നു.

(2018 ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ചത്)

content highlights: pr krishnakumar interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


idukki dam

1 min

അതിതീവ്രമഴയിലും ഇക്കുറി പ്രളയം ഒഴിവായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം - മന്ത്രി റോഷി അഗസ്റ്റിന്‍

Aug 10, 2022

Most Commented