പ്രതീകാത്മക ചിത്രം | AP
തിരുവനന്തപുരം: റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണക്കമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം. കേന്ദ്ര വൈദ്യുതിനിയമത്തിലെ ഈ ഭേദഗതി കേരളവും നടപ്പാക്കേണ്ടിവരും.
ഇത് നടപ്പാക്കുമ്പോള്‍ കെ.എസ്.ഇ.ബി.ക്കും വിപണിയിലെ സാഹചര്യമനുസരിച്ച് മാസംതോറും നിരക്കില്‍ വ്യത്യാസം വരുത്താനാവും. ഡിസംബര്‍ 29-നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ചട്ടഭേദഗതി അന്തിമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. വ്യാഴാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയേക്കും. സംസ്ഥാനത്തിന് ഇതില്‍നിന്ന് ഒഴിഞ്ഞുനില്ക്കാനാവുമോ എന്ന് നിയമോപദേശവും തേടിയേക്കും. സ്വകാര്യ വൈദ്യുതിവിതരണക്കമ്പനികളുടെ ലാഭംകൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര തീരുമാനം.
ഇപ്പോള്‍ വിതരണക്കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങുമ്പോള്‍, വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനകാരണമുണ്ടാവുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം. ഇന്ധന സര്‍ച്ചാര്‍ജായാണിത്. ഇതിന് നിലവില്‍ മൂന്നുമാസത്തിലൊരിക്കല്‍ സംസ്ഥാന റെഗുലേറ്ററി കമ്മിഷനെ സമീപിക്കണം. കമ്മിഷന് ജനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്തശേഷം അധികച്ചെലവ് ഉപഭോക്താക്കളിനിന്ന് ഈടാക്കാന്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യും. കേരളത്തില്‍ കുറേക്കാലാമായി സര്‍ച്ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മിഷന് തീരുമാനമെടുത്തിട്ടില്ല.
പുതിയ ചട്ടപ്രകാരം, ഇന്ധനവില വര്‍ധന മാത്രമല്ല, വിപണിയിലെ സാഹചര്യങ്ങള്‍ കാരണം കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികച്ചെലവും കമ്മിഷനെ സമീപിക്കാതെത്തന്നെ ഉപഭോക്താക്കളില്‍നിന്ന് മാസംതോറും ഈടാക്കാം. അധികച്ചെലവ് ശരാശരി ചെലവിന്റെ 20 ശതമാനത്തിലധികമാണെങ്കില്‍ മാത്രം കമ്മിഷനെ സമീപിച്ചാല്‍ മതി. അതത് സമയം അധികച്ചെലവ് ഈടാക്കാത്തവര്‍ക്ക് പിന്നീട് അത് ഈടാക്കാനാവില്ല. ഇത് നഷ്ടമാകുമെന്നതിനാല്‍ കെ.എസ്.ഇ.ബി. ഉള്‍െപ്പടെ എല്ലാവരും ഈ ചട്ടം അനുസരിക്കേണ്ടിവരും. വര്‍ഷത്തിലൊരിക്കല്‍ റെഗുലേറ്ററി കമ്മിഷന് ഈ കണക്കുകള്‍ പരിശോധിച്ച് ക്രമീകരിച്ചാല്‍മതി.
Content Highlights: Power tariff hike every month central government KSEB
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..