കൊച്ചി: ഇടപ്പളളിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ അനന്യകുമാരി അലക്സിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച പോലീസിന് കൈമാറി. 

ചികിത്സാ പിഴവ് സംഭവിച്ചു എന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി പോലീസ് സംസാരിക്കും. തിങ്കളാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിയാകും ഡോക്ടര്‍ അര്‍ജുനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുക. 

ഇതിനിടെ അനന്യകുമാരി അലക്‌സിന്റെ പങ്കാളിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആദ്യം കണ്ടതും ജിജുവായിരുന്നു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ജിജുവില്‍ നിന്നും പോലീസ് മൊഴിയെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ ജിജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ജീവനൊടുക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Postmortem Report of Ananya Kumari Alex handed over to police