ന്യൂഡല്‍ഹി: സ്വജീവന്‍ ബലി നല്‍കി സുഹൃത്തുക്കളായ മൂന്നുപേരെ കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷിച്ച കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് മുഹ്സിന് (17) മരണാനന്തര ധീരതാ ബഹുമതിയായി
രാഷ്ട്രപതിയുടെ 'സര്‍വോത്തം ജീവന്‍രക്ഷാ പതക് '. 2019-ല്‍ രാഷ്ട്രപതി പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരവും മുഹ്സിനായിരുന്നു.
അതെ, അവരറിയപ്പെടും മുഹ്‌സിന്റെ സഹോദരിമാരായി.....
തിക്കോടി: 'ഒരിക്കല്‍ മുഹ്‌സിന്റെ സഹോദരിമാര്‍ എന്ന നിലയിലായിരിക്കും നിങ്ങള്‍ അറിയപ്പെടുക' ഒരു ഉള്‍വിളിപോലെ മുഹ്‌സിന്‍ മുമ്പ് പറഞ്ഞ വാക്കുകള്‍ ഇന്ന് അന്വര്‍ഥമായി.... മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാപതക്കിന് അര്‍ഹനായ മുഹമ്മദ് മുഹ്‌സിന്‍ തന്റെ ധീരകൃത്യത്തിലൂടെ ഇനി എന്നും ജനമനസ്സുകളില്‍ ജീവിക്കും.
മുഹ്‌സിന്‍ മരിക്കുന്നതിന്റെ കുറച്ചുദിവസം മുന്‍പാണ് പിതാവിന്റെ സഹോദര ഭാര്യയുടെ കൈയില്‍ വള കുടുങ്ങിയത്. ഒന്നും ചെയ്യാനാവാതെ ഇരിക്കുമ്പോഴാണ് മുഹ്‌സിന്‍ എത്തി മിനിറ്റുകള്‍ക്കകം വള പൊട്ടിച്ച് എടുത്തത്.
ഇങ്ങനെ ഒരു സഹോദരന്‍ ഉള്ളത് നന്നായി എന്ന് അനിയത്തിമാര്‍ കളി പറഞ്ഞപ്പോഴായിരുന്നു, നിങ്ങളുടെ സഹോദരന്‍ എന്നല്ല എന്റെ സഹോദരിമാര്‍ എന്നായിരിക്കും നിങ്ങള്‍ അറിയപ്പെടുകയെന്ന് മുഹ്‌സിന്‍ പറഞ്ഞത്. ആ വാക്കുകള്‍ ഇന്ന് സത്യമാവുകയും ചെയ്തു. ഒന്നുംകാണാന്‍ മുഹ്‌സിന്‍ ഇല്ലെങ്കിലും...
സ്വന്തം സഹോദരിമാര്‍ (മിന്‍ഷാ ഫാത്തിമ, ആയിഷ മെഹ്‌റിന്‍) രണ്ട് പേരാണെങ്കിലും പിതാവിന്റെ സഹോദരന്‍മാരുടെ ആറുപെണ്‍മക്കള്‍ ഉള്‍പ്പെടെ എട്ട് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു മുഹ്‌സിന്‍. തിക്കോടി നിധിയാണ്ടി 'മിന്‍ഹാസി'ല്‍ മുസ്തഫയുടെയും, നാസിലയുടെയും മകനാണ്.
2019 ഏപ്രില്‍ 25-നാണ് കോടിക്കല്‍ കടപ്പുറത്ത് ദുരന്തമുണ്ടായത്. പതിവുപോലെ കളികഴിഞ്ഞ ശേഷം മുഹ്‌സിന്റെ സുഹൃത്തുക്കള്‍ കുളിക്കാനായി കടലില്‍ ഇറങ്ങുകയായിരുന്നു. വീട്ടിലായിരുന്ന മുഹസിന്‍ ടി.വി.യില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത കണ്ട് ഈ വിവരം സുഹൃത്തുക്കളോട് പറയാനാണ് കടപ്പുറത്തേക്ക് പോയത്. അവിടെയെത്തിയപ്പോഴാകട്ടെ മൂന്ന് ചങ്ങാതിമാര്‍ അപകടത്തില്‍പ്പെട്ടതാണ് കണ്ടത്.
പിന്നെ ഒന്നുമാലോചിച്ചില്ല, ഉടനെ അവരെ രക്ഷിക്കാനായി വസ്ത്രമഴിച്ച് കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷഹീലിനെ ഏല്‍പ്പിച്ചു. വേണ്ട, നമുക്ക് രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഷഹീല്‍ പറഞ്ഞെങ്കിലും അവരില്ലാതെ നമ്മളെങ്ങനെയാ തിരിച്ചുപോകുകയെന്നായിരുന്നു മറുപടി. എന്നിട്ട് കടലിലേക്ക് ഇറങ്ങി. രണ്ടുപേരെ നീന്തി രക്ഷപ്പെടുത്തി മൂന്നാമനെ രക്ഷാപ്രവര്‍ത്തകന് കൈമാറിയ ശേഷമാണ് മുഹസിന്‍ തിരയില്‍പ്പെട്ട് മുങ്ങിയത്.
ചെറുപ്പത്തിലേ ഉയര്‍ന്നനിലയിലെത്തണമെന്ന വലിയ ആഗ്രഹമായിരുന്നു മുഹ്‌സിനെന്ന് ഉമ്മ നാസില ഓര്‍ക്കുന്നു. എന്തായാലും സ്വന്തം ജീവന്‍ പണയപ്പെടുത്തിയായാലും മുഹ്‌സിന്‍ ചെയ്തത് മറ്റു കുട്ടികള്‍ക്ക് പ്രചോദനമാകട്ടെയെന്നും പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.