കൊച്ചി: കളമശ്ശേരി സിപിഎമ്മില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. പുതിയ പോസ്റ്ററുകളാണ് പി.രാജീവിനെതിരേ ഇന്ന് പുലര്‍ച്ചെ കളമശ്ശേരി മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മോ, സിപിഎം അനുഭാവികളോ അല്ല എന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുളളത്. 

സക്കീര്‍ ഹുസൈനുമായുളള പി.രാജീവിന്റെ ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടുളളതാണ് പോസറ്ററുകള്‍.അഴിമതി വീരനായ സക്കീറിന്റെ ഗോഡ്ഫാദര്‍ പി.രാജീവിനെ കളമശ്ശേരിയില്‍ വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ടൗണ്‍ഹാള്‍ പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

പോസ്റ്ററുകള്‍ പലതും ഇതിനകം കീറിക്കളയുകയും ചെയ്തിട്ടുണ്ട്. ചന്ദ്രന്‍പിളളയ്ക്ക് സീറ്റ് നിഷേധിച്ചുകൊണ്ട് പി.രാജീവിന് സീറ്റ് നല്‍കിയതിനെതിരേ ആയിരുന്നു കളമശ്ശേരി മണ്ഡലത്തില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചര്‍ച്ചയാകും. വിഎസ് ഗ്രൂപ്പിലെ പ്രമുഖരായ എസ്.ശര്‍മ, ചന്ദ്രന്‍ പിളള എന്നിവര്‍ക്കാര്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ അണഞ്ഞിരുന്ന വിഭാഗീയത ഇതോടെ വീണ്ടും പുറത്തുവന്നിരിക്കുകയാണ്.