കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ സതീശന്‍ ഒതുക്കിയെന്നും ഗ്രൂപ്പില്ലെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്നും സതീശനെതിരായ പോസ്റ്ററില്‍ വിമർശനങ്ങളുണ്ട്.

സതീശനെ അഭിനവ തുഗ്ലക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്ററുകള്‍. ഡിസിസി ഓഫീസിന്റെ മതിലിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍, വി.എം.സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി.സതീശന്റെ പൊയ്മുഖം തിരിച്ചറിയുക എന്നാണ് ഒരു പോസ്റ്ററില്‍ പറയുന്നത്. ഗ്രൂപ്പില്ല എന്ന് കളളംപറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വി.ഡി.സതീശന്റെ കോണ്‍ഗ്രസ് വഞ്ചന ജനം തിരിച്ചറിയണമെന്ന് മറ്റൊരു പോസ്റ്ററില്‍ പറയുന്നു.

ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുളള വി.ഡി.സതീശന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ഗ്രൂപ്പ് ഇല്ലെന്ന് കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന സതീശന്റെ കളളക്കളി തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. രക്ഷകന്റെ മുഖംമൂടി അണിഞ്ഞു തന്ത്രപരമായി പുത്തന്‍ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്ക് ആണ് സതീശനെന്നും വിമർശനമുണ്ട്.

എറണാകുളം ജില്ലയില്‍ വി.ഡി. സതീശന്റെ അടുപ്പക്കാരനായ മുഹമ്മദ് ഷിയാസ് ഡിസിസി പ്രസിഡന്റ് ആയേക്കുമെന്ന് സൂചന പുറത്തുവരുന്നതിനിടയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പതിച്ചത് വാര്‍ത്തയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പിന്നീട് പോസ്റ്റര്‍ നീക്കി.