പി.സി വിഷ്ണുനാഥ്, എ.കെ ശശീന്ദ്രൻ
കൊല്ലം: കോണ്‍ഗ്രസ് യുവ നേതാവ് പി.സി വിഷ്ണുനാഥിനെതിരെയും എൻസിപി നേതാവും നിലവിലെ മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെയും പോസ്റ്റര്‍. വിഷ്ണുനാഥിനെതിരേ കൊല്ലത്തും ശശീന്ദ്രനെതിരേ എലത്തൂരുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്നാണ് ചെങ്ങന്നൂരില്‍ പതിച്ച പോസ്റ്ററിലെ ആവശ്യം. ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും പോസ്റ്റര്‍ പറയുന്നു.
ജില്ലാ കമ്മിറ്റി ഓഫീസ്, ഡി.സി.സി ഓഫീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേരുമാന്തിയ ആളാണ് പി.സി വിഷ്ണുനാഥ് . ആ വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ ഇറക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലത്ത് വിഷ്ണുനാഥ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊല്ലത്ത് നിന്ന് പോയ സാധ്യതാ പട്ടികയില്‍ വിഷ്ണുനാഥിന്റെ പേരില്ല. പകരം ബിന്ദു കൃഷ്ണയുടെ പേര് മാത്രമാണുള്ളത്. അതിനാല്‍ തന്നെ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് ഇത്തരം ഒരു പോസ്റ്ററിന് പിന്നിലെന്നാണ് സൂചന.
എലത്തൂരിന് പുറമെ പാവങ്ങാടും എ.കെ ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങള്‍ വേണം എലത്തൂരില്‍ എന്നാണ് പോസ്റ്ററിലെ ആവശ്യം. എല്‍.ഡി.എഫ് വരണമെങ്കില്‍ ശശീന്ദ്രന് മാറണമെന്നും പോസ്റ്ററില്‍ പറയുന്നു. കോഴിക്കോട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് വേണ്ടി എന്‍.സിപിയുടെ ജില്ലാഘടകം ചേര്‍ന്നപ്പോള്‍ യോഗം കയ്യാങ്കളിയിലാണ് അവസാനിച്ചത്. ഇതിന്റെ ബാക്കി പത്രമാണ് പോസ്റ്ററുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Poster against PC Vishnunath and A. K. Saseendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..