കൊച്ചി: കോവിഡാനന്തര ചികിത്സയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കോവിഡ് നെഗറ്റീവായ ശേഷം ഒരുമാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. കോവിഡ് ചികിത്സ സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. 

കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ ഏറിവരികയാണ്. കോവിഡ് നെഗറ്റീവായ ശേഷമുള്ള മരണങ്ങള്‍ കോവിഡ് മരണങ്ങളായി തന്നെ കണക്കാക്കുന്ന സാഹചര്യത്തില്‍ ചികിത്സകൂടി എന്തുകൊണ്ട് സൗജന്യമാക്കികൂടാ എന്നും കോടതി ആരാഞ്ഞു. അതേസമയം മൂന്ന് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരോടാണ് ചെറിയ തുക ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

27000 രൂപ ശമ്പളമുള്ള ഒരാള്‍ക്ക് ഒരുമാസത്തെ ചികിത്സാതുക തന്നെ ഇത്രത്തോളം വരുമെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ രോഗികള്‍ എങ്ങനെ കണ്ടെത്തുമെന്നും ഇതിന് മറുപടിയായി കോടതി ചോദിച്ചു. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്നും കോടതി സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. ഹര്‍ജി ഒക്ടോബര്‍ 27ന് വീണ്ടും കോടതി പരിഗണിക്കും.

content highlights: post covid treatment, high court ask questions to state government