പ്രതീകാത്മക ചിത്രം
മലപ്പുറം: ഹർത്താൽ നഷ്ടം ഈടാക്കാൻ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടിക്ക് ജില്ലയിലും അതിവേഗം.
വിവിധ താലൂക്കുകളിലായി 47 ഇടങ്ങളിൽ വെള്ളിയാഴ്ച റവന്യൂ റിക്കവറി സംഘം നടപടികളാരംഭിച്ചു. സ്വത്തുക്കൾ സംബന്ധിച്ച് ജപ്തി മഹസ്സർ തയ്യാറാക്കിത്തുടങ്ങി.
ജില്ലയിൽ ഏഴു താലൂക്കുകളിലായി 126 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഏഴു താലൂക്കുകളിലും ഇതുസംബന്ധിച്ച നടപടികൾ തുടങ്ങി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിരുനാവായ എടക്കുളത്തെ വീട്ടിൽ കളക്ടറുടെ നിർദേശപ്രകാരം തിരുനാവായ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സർവേ നമ്പർ പരിശോധിച്ച് സ്കെച്ചും മാപ്പും തയ്യാറാക്കി.
രാവിലെ തുടങ്ങിയ പരിശോധന
രണ്ടുദിവസംകൊണ്ട് ജപ്തിനടപടികൾ പൂർത്തിയാക്കണമെന്നതിനാൽ വെള്ളിയാഴ്ച രാവിലെതന്നെ റവന്യൂ സംഘങ്ങൾ ഇറങ്ങി. പെരിന്തൽമണ്ണ താലൂക്കിലെ ആറ് വില്ലേജുകളിൽ റവന്യൂ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ വിവിധ സംഘങ്ങളായി എത്തി.
പെരിന്തൽമണ്ണ വില്ലേജിൽ-രണ്ട്, അങ്ങാടിപ്പുറം-ഏഴ്, മൂർക്കനാട്-രണ്ട്, വലമ്പൂർ-മൂന്ന്, താഴേക്കോട്-രണ്ട്, പുഴക്കാട്ടിരി-മൂന്ന് എന്നിങ്ങനെയാണ് ജപ്തിചെയ്യുന്ന വസ്തുക്കളുടെ എണ്ണം. ഇവയിൽ കൂടുതലും സ്ഥലങ്ങളാണ്. വീടുകളും ഉൾപ്പെട്ടിട്ടുണ്ട്. നടപടികൾ വൈകിയും തുടരുകയാണ്.താഴേക്കോട് വില്ലേജ് ഓഫീസ് പരിധിയിലെ പോത്തങ്ങൽ മുസ്തഫയുടെ രണ്ട് സർവേ നമ്പറുകളിലുള്ള രണ്ട് സ്ഥലങ്ങളുടെ ജപ്തിനടപടികൾ പൂർത്തിയായതായി വില്ലേജ് ഓഫീസർ അറിയിച്ചു. ഒരു സർവേ നമ്പറിൽ 23 സെന്റും മറ്റൊരു സർവേ നമ്പറിൽ ഒൻപത് സെന്റുമാണുള്ളത്.
ചിലർക്ക് സ്വത്തില്ല; ചിലരുടെ മേൽവിലാസം ശരിയല്ല
നിലമ്പൂർ താലൂക്കിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരുടെ സ്വത്തുവിവരങ്ങൾ വില്ലേജ് ഓഫീസ് വഴി ശേഖരിച്ചു. താലൂക്കിൽ 21 പേരുടെ വിവരങ്ങളാണ് വിവിധ വില്ലേജുകൾ വഴി ശേഖരിച്ചത്. ഇതിൽ ചിലർക്കൊന്നും സ്വത്തുക്കളുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 10 പേർക്കാണ് സ്വത്തുക്കളില്ലാത്തതായി കണ്ടത്.
മൂന്നാളുകളുടെ വ്യക്തമായ മേൽവിലാസം ലഭ്യമല്ലാത്തതിനാൽ അവരുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കുവാനും റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. വളാഞ്ചേരിയിൽ രണ്ടിടങ്ങളിലാണ് ജപ്തിനടപടികൾ ഉണ്ടായത്. കുളമംഗലത്തും മാറാക്കര മേൽമുറിയിലും. ഒന്ന് വീടുൾപ്പെട്ട സ്ഥലമാണ്.
തിരൂരങ്ങാടിയിൽ 10 പേർക്കെതിരേ നടപടി
തിരൂരങ്ങാടി താലൂക്കിൽ 10 പേർക്കെതിരേ റവന്യൂവകുപ്പ് ജപ്തി നടപടികൾ എടുത്തു. നന്നമ്പ്ര, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പെരുവള്ളൂർ, കണ്ണമംഗലം, ക്ലാരി, ഒതുക്കങ്ങൽ, വള്ളിക്കുന്ന്, ചേളാരി, വലിയോറ എന്നിവിടങ്ങളിലാണ് ജപ്തി നടപടികൾ എടുത്തത്.
കോട്ടയ്ക്കൽ വില്ലേജിൽ മൂന്നുപേരുടെ ജപ്തി നടപടികളും പൂർത്തിയായി
Content Highlights: popular front of india hartal-Foreclosure Process-malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..