പ്രതീകാത്മക ചിത്രം| മാതൃഭൂമി
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളത്തില്‍ നടത്തിയ റെയ്ഡും അതില്‍ കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമെന്ന് പോപ്പുലര്‍ ഫ്രണ്ട്. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു. ഇ.ഡി നടത്തിയ റെയ്ഡുകളും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാര്‍മ്മികവും ദുരുദ്ദേശ്യപരവുമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഇ.ഡി.യാണ് ഇപ്പോള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് പിന്നാലെ പോകുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു മുസ്ലിം വിരുദ്ധ പ്രചരണത്തിലൂടെ കൂടുതല്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് ആര്.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പദ്ധതിയെന്നും ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അനീസ് അഹമ്മദ് പറഞ്ഞു.
കഴിഞ്ഞദിവസം വീടുകളിലും പ്രൊജക്ട് സൈറ്റിലും ഇ.ഡി നടത്തിയ റെയ്ഡുകള്‍ കോടതിയില്‍ ഉന്നയിച്ച നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ഇ.ഡി ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിയത് പ്രായമായ കുടുംബാംഗങ്ങളെ പ്രയാസത്തിലാക്കുകയും അവര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. വനിതാ ഉദ്യോഗസ്ഥരില്ലാതെയാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് ഇ.ഡി സംഘം അതിക്രമിച്ച് കയറിയത്. ഇ.ഡിയുടെ ഈ നിയമ ലംഘനങ്ങള്‍ മറച്ചുവെക്കാനാണ് ഇപ്പോള്‍ നിരപരാധികള്‍ക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അനീസ് അഹമ്മദ് ആരോപിച്ചു.
ഡിസംബര്‍ എട്ടാം തീയതി കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി. നേരത്തെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും അടക്കമുള്ള സ്വത്തുവകകളുണ്ടെന്നും ഇ.ഡി. പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യുടെ വിശദീകരണത്തിനെതിരേ പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയത്.
Content Highlights: popular front of india against enforcement directorate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..