ആലുവ - പെരുമ്പാവൂർ റോഡിൽ ഹർത്താനുകൂലികൾ തകർത്ത കെ .എസ്.ആർ.ടി .സി.ബസ്സ്. File Photo: വി.കെ അജി
തിരുവനന്തപുരം: പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍നിന്നും ആളുകളെ അപ്പോള്‍ത്തന്നെ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് നല്‍കിയിട്ടുള്ളവര്‍ക്ക് വീടൊഴിയാന്‍ സമയം നല്‍കിയിട്ടുണ്ട്. റവന്യൂറിക്കവറി നിയമത്തിന്റെ 36-ാം വകുപ്പുപ്രകാരം നോട്ടീസ് നല്കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. വീടിന്റെയും ഭൂമിയുടെയും വില നിര്‍ണയിച്ചശേഷമാകും ലേലനടപടികളിലേക്ക് നീങ്ങുക.
മുന്കൂര്നോട്ടീസ് ഇല്ല
സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഈടാക്കുന്നതിന് ഒരാളുടെ സ്ഥാവര, ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നത് 1968-ലെ കേരള റവന്യൂ റിക്കവറി നിയമപ്രകാരമാണ്. ജപ്തിക്ക് മുന്നോടിയായി നിയമത്തിലെ 7, 34 വകുപ്പുകള്‍പ്രകാരം വ്യക്തിക്ക് മുന്‍കൂര്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
എന്നാല്‍ പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഈ നോട്ടീസ് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നോട്ടീസ് നല്‍കാതെ കണ്ടുകെട്ടാനാണ് കളക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവ് നല്‍കിയത്.
കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കള്‍ മാത്രമേ ജപ്തിചെയ്യാന്‍ പാടുള്ളൂ. ജപ്തിചെയ്ത ജംഗമവസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും ഒരു പകര്‍പ്പ് കുടിശ്ശികക്കാരന് നല്കുകയുംചെയ്യും. ജപ്തിക്കുശേഷവും കുടിശ്ശികത്തുക അടയ്ക്കുന്നില്ലെങ്കില്‍ ജംഗമവസ്തുക്കള്‍ ലേലംചെയ്യാം. 15 ദിവസത്തെ സാവകാശം ഇതിന് നല്‍കണം. നശിച്ചുപോകുന്ന വസ്തുക്കളാണെങ്കില്‍ ഏതുസമയത്തും ലേലംചെയ്യാം.
ഭൂമി ജപ്തിചെയ്തശേഷവും ലേലംചെയ്യുന്നതിന് മുന്നോടിയായി ബാധ്യതകള്‍ തീര്‍ക്കുന്നതിനും ബാക്കിയുള്ള ഭൂമി നിലനിര്‍ത്തുന്നതിനും ഒരു അവസരംകൂടി നല്‍കും. മൂന്നുമാസംവരെ സമയം ഇതിന് അനുവദിക്കും.
ഒഴിവാക്കുന്നവ
ധരിക്കുന്ന വസ്ത്രങ്ങള്‍, താലി, വിവാഹമോതിരം, പൂജാപാത്രങ്ങള്‍, കൃഷി ഉപകരണങ്ങള്‍, ഉഴവുമാടുകളില്‍ ഒരു ജോഡിയെങ്കിലും വരത്തക്കവണ്ണം ആകെയുള്ളതിന്റെ നാലിലൊന്ന്, കൈത്തൊഴിലുകാരുടെ പണിയായുധങ്ങള്‍ എന്നിവ ജപ്തിയില്നിന്നൊഴിവാക്കും.
208 കേന്ദ്രങ്ങളില്‍ കണ്ടുകെട്ടല്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രധാന ഭാരവാഹികളുടെ വീടുകളിലുമടക്കം 208 കേന്ദ്രങ്ങളില്‍ റവന്യൂ വകുപ്പ് കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ചില ജില്ലകളില്‍ ഏതാനും കേന്ദ്രങ്ങളില്‍ മാത്രമാണ് നടപടികള്‍ തീര്‍ക്കാനുള്ളത്.
മലപ്പുറത്ത് 89 കേന്ദ്രങ്ങളിലാണ് നടപടികളുണ്ടായത്. കോഴിക്കോട് -23, കണ്ണൂര്‍ -ഒന്‍പത്, കാസര്‍കോട് -മൂന്ന്, വയനാട് -14, തൃശ്ശൂര്‍ -16, കോട്ടയം -അഞ്ച്, ഇടുക്കി -ആറ്, പത്തനംതിട്ട -രണ്ട്, തിരുവനന്തപുരം -അഞ്ച്, കൊല്ലം -ഒന്ന്.
ഏതാനും ജില്ലകളില്‍ ജപ്തി ചെയ്ത സ്ഥാവര, ജംഗമവസ്തുക്കളുടെ വിലനിര്‍ണയത്തിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും സ്ഥലത്തിന്റേത് റവന്യൂ വകുപ്പുമാണ് കണക്കാക്കുക. ജപ്തി പൂര്‍ത്തിയാക്കിയ വിവരം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.
വിവേചനപരം -എസ്.ഡി.പി.ഐ.
കണ്ണൂര്‍: സ്വത്ത് കണ്ടുകെട്ടുന്നതു സംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവുകള്‍ വിവേചനപരമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാനപ്രസിഡന്റ് അഷറഫ് മൗലവി ആരോപിച്ചു. കോടതിയെ മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ ചില താത്പര്യങ്ങള്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Content Highlights: Popular Front Hartal revenue recovery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..