തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി. ഹൈക്കോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ക്ഷേത്രത്തിലെ ആന എഴുന്നളളത്ത് നടത്തുന്നത്. 15 ആനകളാണ് ശീവേലിക്ക് അണിനിരന്നത്. ഈ 15 ആനകളേയും മൂന്ന് മീറ്റര്‍ അകലത്തില്‍ നിര്‍ത്താന്‍ വനംവകുപ്പ് സ്ഥലത്തെത്തി മാര്‍ക്ക് ചെയ്തിരുന്നു.
മുന്‍വര്‍ഷങ്ങളിലും ശീവേലിക്ക് 15 ആനകളാണ് അണിനിരന്നിരുന്നത്. എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ ആനക്കൊട്ടിലിലാണ് അന്ന് ആനകളെ നിര്‍ത്തിയിരുന്നത്. ഏതാണ്ട് 23 മീറ്റര്‍ വീതിയുള്ള ഈ അനക്കൊട്ടിലില് ഹൈക്കോടതിയുടെ മാര്‍ഗരേഖ പാലിക്കുകയാണെങ്കില്‍ പരമാവധി നാല് ആനകളെ മാത്രമേ എഴുന്നള്ളിക്കാന്‍ സാധിക്കൂ.
അതിനാല്‍ തന്നെ ക്ഷേത്രത്തിന്റെ വടക്കേ മതില്‍ക്കെട്ട് വരെ ആനകളെ എഴുന്നള്ളിക്കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കൊട്ടിലില്‍ രണ്ട് വരിയായി നിര്‍ത്തി ദൂരപരിധി പാലിച്ച് എഴുന്നള്ളിപ്പ് നടത്തുകയായിരുന്നു. ഹൈക്കോടതിയുടെ നിയന്ത്രണങ്ങള്‍ ഉത്സവത്തിന്റെ മാറ്റ് കുറച്ചുവെന്നാണ് ഭക്തരുടെ അഭിപ്രായം.
ഡിസംബര്‍ ആറിന് ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാവുക. അത് വരെ എല്ലാ ദിവസവും 15 ആനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പുണ്ടാകും.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏത് മതാചാരത്തിന്റെ ഭാഗമാണെന്നും 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതി നല്കിയ ഹര്‍ജി പരിഗണിക്കവേ ഡിവിഷന് ബെഞ്ച് ചോദിച്ചു. ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയുമാണ് പ്രധാനപ്പെട്ടത്. മാര്‍ഗനിര്‍ദേശങ്ങളില്‍ അയവു വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights: Tripunithura Pooram poornathrayeesa temple Elephant Procession with HC Guidelines
Published: 29 Nov 2024, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented