താത്കാലിക ഫുട്ബോൾ ഗാലറി തകർന്ന പൂക്കോട്ടുംപാടത്ത് പോലീസ് വിവരങ്ങൾ ശേഖരിക്കാൻ എത്തിയപ്പോൾ
പൂക്കോട്ടുംപാടം: താത്കാലിക ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണ സംഭവത്തില്‍ സംഘാടകരുടെ പേരില്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഇത്തരം മത്സരങ്ങള്‍ നടത്തുമ്പോള്‍ വേണ്ടതായ മുന്‍കരുതലുകളോ മാനദണ്ഡങ്ങളോ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റേതുള്‍പ്പെടെ അനുമതിയുമില്ല.
പൂക്കോട്ടുംപാടം ഹൈസ്കൂള്‍ മൈതാനത്ത് പൂക്കോട്ടുംപാടം ഐ.സി.സി. ക്ലബ്ബ് നടത്തുന്ന ഐ.സി.സി. സൂപ്പര്‍ സോക്കര്‍ 2022 ഫ്ലഡ്ലിറ്റ് മത്സരം കാണുന്നതിനായി നിര്‍മിച്ച താത്കാലിക ഗാലറി ചൊവ്വാഴ്ച രാത്രിയാണ് തകര്‍ന്നത്. കുട്ടികള്‍ ഉള്‍പ്പെടെ 50-ഓളം പേര് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. രണ്ടുപേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്കി വിട്ടു.
കളി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഗാലറി തകര്‍ന്നത്. ഈ ഗാലറിയില്‍ 700-ലധികം പേരുണ്ടായിരുന്നു. കാണികള്‍ കൂടുതലാകുകയും തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മഴ പെയ്യുക കൂടി ചെയ്തതോടെ ഗാലറി ഒരു വശത്തേക്ക് ചരിയുകയായിരുന്നു.
രണ്ടരലക്ഷം രൂപയോളം ചെലവഴിച്ചാണ് ഗാലറി പണിതത്. അപകടം നടന്നതോടെ കാണികള്‍ ചിതറിയോടി. സംഘാടകരും സന്നദ്ധപ്രവര്‍ത്തകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ചികിത്സാചെലവ് വഹിക്കും- സംഘാടകര്‍
താത്കാലിക ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണ് പരിക്കേറ്റവരുടെ ചികിത്സാചെലവ് ഏറ്റെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ മത്സരമാണ് നടക്കുന്നത്.
ഉള്‍ക്കൊള്ളാവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുമ്പുതൂണില്‍ കെട്ടി കവുങ്ങുപാളികളിട്ടാണ് പണിതത്.
ബലക്ഷയമില്ല. ഗാലറി പൊട്ടിവീഴുകയല്ല, ഒരു വശത്തേക്ക് പതുക്കെ ചരിയുകയാണ് ചെയ്തതെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..