ജേക്കബ് കുര്യൻ
കൂത്താട്ടുകുളം: സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വിറ്റത് കൂത്താട്ടുകുളത്ത്. ആര്‍.എ. 591801 എന്ന നമ്പറിലുള്ള ടിക്കറ്റ് കൂത്താട്ടുകുളം കിഴകൊമ്പ് പോസ്റ്റോഫീസ് പടിയല്‍ ലോട്ടറിവില്‍പ്പന നടത്തുന്ന മോളേപറമ്പില്‍ ജേക്കബ് കുര്യനാണ് വിറ്റത്.
കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമുള്ള സീയാന്റെസ് ലക്കി സെന്ററില്‍നിന്നാണ് ടിക്കറ്റുകള്‍ വാങ്ങിയത്.
യാക്കോബും കാത്തിരിക്കുന്നു, കോടിപതിയെ
കൂത്താട്ടുകുളം: 15 വര്‍ഷമായി ലോട്ടറിവില്പന നടത്തുന്ന കിഴകൊമ്പുകാരുടെ 'യാക്കോബിന്റെ കട'യില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞതോടെ തിരക്കേറി. പൂജാ ബംബര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയ കോടിപതിയെക്കുറിച്ചറിയാനായിരുന്നു ആളുകൂടിയത്. ചാനല്‍ വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും കൂത്താട്ടുകുളത്ത് കിഴകൊമ്പില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന് പ്രചരിച്ചതോടെയാണ് ആളുകള്‍ എത്തിയത്.
'സീയാന്റസ് ഏജന്‍സി'യില്‍ നിന്നാണ് ജേക്കബ് കുര്യനെ (യാക്കോബ്), ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് സംബന്ധിച്ച വിവരം അറിയിക്കുന്നത്. വീണ്ടും തിരിച്ച് ഏജന്‍സിയിലേക്കു വിളിച്ച് വിവരം ഉറപ്പാക്കി. ആര്‍.എ. സീരീസിലുള്ള പത്ത് ടിക്കറ്റുകളാണ് ജേക്കബ് വാങ്ങിയത്. പത്തും വിറ്റു.
ടിക്കറ്റ് വാങ്ങിയവരില്‍ ഓര്‍മയിലുള്ള ചുരുക്കംപേരെ വിളിച്ചുചോദിച്ചു. ഭാഗ്യശാലിയെ കണ്ടെത്താനായില്ല. തൊട്ടടുത്ത നമ്പറുകളിലുള്ള ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ കടയിലെത്തി. ടിക്കറ്റ് കൈവശമുള്ള കോടിപതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ നാട്ടുകാരും വീട്ടുകാരും സഹായത്തിനുണ്ട്. 50 വര്‍ഷത്തിലധികമായി കിഴകൊമ്പില്‍ ജേക്കബ് കുര്യന്റെ കുടുംബം വ്യാപാരം നടത്തുന്നു.
'യാക്കോബ്' എന്ന് കിഴകൊമ്പുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജേക്കബ് കുര്യന്‍ ശാരീരിക വെല്ലുവിളിയുള്ളയാളാണ്. വടകര സെയിന്റ് ജോണ്‍സ് സ്‌കൂളിലെ പഠനത്തിനുശേഷം അച്ഛനോടൊപ്പം വ്യാപാരത്തില്‍ സഹായിയായി കൂടിയതാണ്.
പിന്നീട് കട സ്വന്തം ചുമതലയിലായി. 15 വര്‍ഷം മുമ്പ് ലോട്ടറിവില്പനയും തുടങ്ങി. ഭാര്യ: ഗ്രേസി. മകന്‍: ജോജി ജോണ്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..