കൊച്ചി: പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ്  തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോള്‍സ്‌റോയ്‌സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തില്‍ പെടുന്നു. ഉടമകളാരും കേരളത്തില്‍ ഇല്ലെന്ന മറുപടിയാണ് ഫ്‌ളാറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. നിലവില്‍ കട്ടപ്പനയില്‍ സിനിമാ ഷൂട്ടിങ്ങിലാണ് ഫഹദ് ഫാസിലുള്ളത്. കാറുടമകള്‍ നിസ്സഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേയ്ക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Fahad Fazil Car

വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെന്നിന്ത്യന്‍ താരം അമല പോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്.

Content Brief: Fahad Fazil, Pondicherry registered car, Tax malpractice