തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെള്ളമെന്ന പേരില്‍ മലിനജലം വിതരണം ചെയ്ത ടാങ്കര്‍ ലോറി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടി. തിരുവല്ലത്തിനടുത്ത് വയലില്‍ കുളം കുഴിച്ച് അതില്‍ നിന്നുള്ള മലിനജലമാണ് കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്തിരുന്നത്.
സെക്രട്ടേറിയറ്റിന് സമീപമുള്ള ഹോട്ടലില്‍ വെള്ളം വിതരണം ചെയ്യുന്നതിനിടയിലാണ് എ.കെ.ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരിലുള്ള ടാങ്കര്‍ പിടികൂടിയത്. കുടിവെള്ളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു.
മലിനജലം കുടിവെള്ളമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അരുള്‍ജ്യോതി ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി ഒന്നു മുതല്‍ നഗരസഭ ലൈസന്‍സുള്ള ടാങ്കറുകള്‍ക്ക് മാത്രമേ നഗരത്തില്‍ ജലവിതരണം നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുജിത് സുധാകര്‍, ജെ.എച്ച്.ഐ. സൈജു എന്നിവരാണ് സ്‌ക്വാഡിലുണ്ടായിരുന്നത്.
Content Highlights: polluted water supplied in trivandrum city; tanker lorry seized