പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പോളിങ് ഉദ്യോഗസ്ഥ വിദ്യാലക്ഷ്മിക്കായി പ്രാര്‍ഥനയോടെ കുടുംബം. ചൊവ്വാഴ്ച പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാലക്ഷ്മിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. നട്ടെല്ലിലെ മൂന്ന് കശേരുക്കള്‍ തകര്‍ന്നനിലയിലായിരുന്നു. 10, 11, 12 കശേരുക്കളില്‍ 12 ആണ് കൂടുതല്‍ പൊട്ടിയിരിക്കുന്നത്. ഇത് കഷണങ്ങളായി ഞരമ്പിലേക്ക് അമരുകയും ഞരമ്പിന് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തു. കാലുകള്‍ തളര്‍ന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ ഭാഗങ്ങള്‍ ശരിയാക്കുകയും പൊട്ടിയ ഞരമ്പുകള്‍ തുന്നിച്ചേര്‍ക്കുകയുംചെയ്തു. പൂര്‍ണമായി ഭേദപ്പെടാന്‍ കാലതാമസമുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ അഗളി ജി.വി.എച്ച്.എസ്. സ്‌കൂളിലാണ് അപകടം. 150-എ ബൂത്തിലെ പോളിങ് ഓഫീസറായ വിദ്യാലക്ഷ്മി തിങ്കളാഴ്ച വൈകീട്ടാണ് സ്‌കൂളിലെത്തിയത്.

സ്‌കൂള്‍ കെട്ടിടത്തിലായിരുന്നു താമസം. ശൗചാലയസമുച്ചയത്തിന്റെ രണ്ടാംനിലയിലെ കുളിമുറിയില്‍ പോയിവരുകയായിരുന്നു. കുളിമുറിയില്‍നിന്നിറങ്ങി അല്പം മാറിയാണ് ഗോവണി. ഗോവണിയിലേക്കെത്തുന്നതിനു മുന്‍പുള്ള ഭാഗത്ത് കൈവരിയില്ല. ഇരുട്ടായതിനാല്‍ ഗോവണിയാണെന്നുകരുതി കാല്‍വെക്കുകയും രണ്ടുകെട്ടിടങ്ങള്‍ക്കിടയിലൂടെ ഇരുപതടിയോളം താഴേക്കു വീഴുകയുമായിരുന്നുവെന്നാണ് വിവരം.

ചതുപ്പുപോലെയുള്ള ഭാഗത്തേക്കാണ് വീണത്. താഴെയുള്ള ശൗചാലയത്തില്‍ തിരക്കായതിനാലാണ് മുകളിലേക്കു പോയത്.