അംബിക| Photo: പ്രവീൺദാസ് എം.
തിരുവനന്തപുരം: ജീവിതത്തില്‍ തനിച്ചായവര്‍ക്ക് ഈശ്വരനല്ലാതെ ആരാണ് തുണയുണ്ടാകുക? തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ അംബികയുടെ സാഹചര്യങ്ങളും അങ്ങനെയാണ്. ചെറുപ്പത്തിലെ പോളിയോ ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയതാണ്. സമപ്രായക്കാരൊക്കെ ഓടിച്ചാടി നടന്നപ്പോഴും അന്നൊന്നും അതിനെ വലിയ കുറവായി അംബിക കണ്ടിരുന്നില്ല. എന്നാല്‍, അച്ഛനും പിന്നാലെ അമ്മയും ജീവിതയാത്രയില്‍ അംബികയെ തനിച്ചാക്കി പോയതോടെയാണ് ആശയും പ്രകാശവുമൊക്കെ അടഞ്ഞുപോയത്.
അമ്മ കിടപ്പായതോടെയാണ് അംബിക പ്രതിസന്ധിയിലായത്. ആദ്യമൊക്കെ ബന്ധുക്കള്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. എപ്പോഴും ആഹാരത്തിനും നിത്യവൃത്തിക്കും മറ്റൊരാളെ പ്രതീക്ഷിച്ചിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് സ്വന്തമായി ചെറിയകട തുറക്കാനുള്ള ചിന്ത ഉണ്ടാകുന്നത്. അങ്ങനെ സമീപവാസികളുടെ സഹായത്തോടെ കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത് ചെറിയ കട തട്ടിക്കൂട്ടി. എന്നാല്‍ രോഗദുരിതങ്ങളോട് മല്ലിട്ട് അംബികയുടെ അമ്മ മരിച്ചതോടെ ആകെയുണ്ടായിരുന്ന ആശ്വാസമാണ് അവസാനിച്ചത്.
അമ്മ മരിച്ച് ഇന്നുവരെ അംബിക ഒറ്റയ്ക്ക് തന്നെയാണ്. 'ഈ ഒറ്റമുറി വീടാണ് എന്റെ ലോകം. പുറത്തേക്കൊക്കെ പോകാന്‍ ആഗ്രഹമുണ്ട്. എന്തുചെയ്യാം. പുറത്തേക്ക് പോകണമെന്നുണ്ടെങ്കില്‍ ആരെങ്കിലും സഹായിക്കേണ്ടിവരും. റേഷനും മറ്റുമൊക്കെ സമീപവാസികളാണ് കൊണ്ടുവന്ന് തരുന്നത്. അല്ലാതെ പോയി വാങ്ങാനൊന്നും എന്നേക്കൊണ്ട് സാധിക്കില്ല', അംബിക പറയുന്നു.

അത്യാവശ്യകാര്യങ്ങള്‍ക്കൊക്കെ നാട്ടുകാര്‍ കൂടെ നില്‍ക്കുന്നുവെന്നതാണ് അംബികയുടെ ആശ്വാസം. ബന്ധുക്കള്‍ തിരിഞ്ഞുനോക്കിയില്ലെങ്കിലും വിളിച്ചാല്‍ ഓടിയെത്താന്‍ അവര്‍ മാത്രമേയുള്ളൂ, കണ്ണീര്‍ തുടച്ച് അംബിക പറഞ്ഞു. ചുറ്റുപാടുമൊക്കെ കാണാന്‍ പുറത്തിറങ്ങാന്‍ ആഗ്രഹമുണ്ട്. അതിന് തടസം ഒരു വീല്‍ചെയര്‍ ഇല്ലായെന്നതാണ്. 'ഇലക്ട്രിക് വീല്‍ചെയര്‍ ഉണ്ടെങ്കില്‍ എനിക്ക് ഇവിടെയൊക്കെ പോയിവരാം. ഇതിനായി 2018-ല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയതാണ്. എനിക്കൊപ്പം നിരവധി ആളുകള്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷെ അര്‍ഹതപ്പെട്ടതായിട്ടുകൂടി അത് സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല. അതിന് വേണ്ടി ഒരുപാട് പണം ചിലവാക്കുകയും കഷ്ടപ്പെടുകയും ചെയ്തതാണ്.
മുച്ചക്ര സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഇടത് കൈയ്ക്ക് കുറച്ച് സ്വാധീനം കുറവായതിനാല്‍ അത് ഓടിക്കാന്‍ സാധിക്കില്ല. മാത്രമല്ല അതില്‍ എനിക്ക് തനിയെ കയറി ഇരിക്കാന്‍ സാധിക്കില്ല. ആരെങ്കിലും എടുത്തിരുത്തിയാല്‍ മാത്രമേ എനിക്കതില്‍ കയറാന്‍ പോലും സാധിക്കു. ഇപ്പോള്‍ താമസിക്കുന്ന വീടും അത്ര ഉറപ്പുള്ളതൊന്നുമല്ല. സര്‍ക്കാര്‍ സഹായത്താല്‍ വീട് കിട്ടിയാലും അത് നടത്തിയെടുക്കാന്‍ എന്നേക്കൊണ്ട് സാധിക്കില്ല. ഏതെങ്കിലും സംഘടനകള്‍ അങ്ങനെ സഹായിച്ചാല്‍ വളരെ സന്തോഷം, അംബിക പറയുന്നു.
ഇപ്പോള്‍ അംബികയ്ക്ക് ഏറെ അത്യാവശ്യമായുള്ളത് ഇലക്ട്രിക് വീല്‍ചെയറാണ്. അതിന് എന്തെങ്കിലും സഹായം ലഭിക്കുമോയെന്നാണ് അംബിക നോക്കുന്നത്. മാത്രമല്ല തിരുവനന്തപുരത്തെ ലുലുമാള്‍ ചുറ്റിക്കാണമെന്ന ആഗ്രഹം കൂടിയുണ്ട്. ഇതിനൊപ്പം നടന്‍ സുരേഷ് ഗോപിയെ നേരിട്ട് കാണമെന്ന ആഗ്രഹവും അംബിക മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെച്ചു.
Content Highlights: polio affected ambika in need of electric wheel chair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..