തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. പ്രതിഷേധമുയര്‍ത്തിക്കൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ പ്രതിനിധികള്‍ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടു.
"സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയും ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നു. കേരളത്തില്‍ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഗൂഢാലോചന നടത്തി ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്."
'സംഘപരിവാറിന്റെ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചു. സംഘപരിവാറിന്റെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. രാജ്ഭവനില്‍ ആദ്യമായി ബിജെപിയുടെ സംസ്ഥാന നേതാവിനെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു'. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് ഇവിടെ നടക്കുന്നതെന്നും വി.ഡി സതീശന് ആരോപിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ച നാടകീയ നീക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധിവെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ.ആര്.ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുരഞ്ജനം ഗവര്‍ണര്‍ സ്വീകരിച്ചതോടെ അനിശ്ചിതത്വം അവസാനിക്കുകയായിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ്, കെഎസ്ഇബി വിവാദം ഗവര്‍ണര്‍ - സര്‍ക്കാര്‍ തര്‍ക്കം, പെന്ഷന് പ്രായം എന്നിവയൊക്കെ നിയമസഭയില്‍ വലിയ ചര്‍ച്ചയാകും. പ്രതിപക്ഷം കടുത്ത നിലപാടിലേക്കാണ് കടക്കുന്നത്. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. മാര്‍ച്ച് 11നാണ് ബജറ്റ്.
Content Highlights : Opposition boycotts Governor arif mohammad khan's policy declaration speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..