പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പീരുമേട്: കടയിലെ പണപ്പെട്ടിയില്‍നിന്ന് പോലീസ് അസോസിയേഷന് ജില്ലാ ഭാരവാഹിയായ പോലീസുകാരന് പണംകവരുകയും പിടിയിലായപ്പോള്‍ പണംനല്‍കി ഒത്തുതീര്‍പ്പാക്കുകയുംചെയ്ത സംഭവം വിവാദമാകുന്നു. കടയില്‍നിന്നു സ്ഥിരമായി പണംനഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ട കടയുടമയാണ് പണം കവരുന്നതിനിടെ പോലീസുകാരനെ പിടികൂടിയത്.
നവംബര്‍ 24-നാണ് സംഭവമുണ്ടായത്. പാമ്പനാര്‍ ടൗണിലെ കടയില്‍നിന്നാണ് പോലീസുകാരന് ആയിരം രൂപ കവര്‍ന്നത്. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ കൂടിയതോടെ നാല്‍പ്പതിനായിരം രൂപ നല്‍കാമെന്നു പറഞ്ഞ് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതില്‍ അയ്യായിരം രൂപ കൈമാറുകയുംചെയ്തു.
പ്രശ്നം ഒത്തുതീര്‍പ്പാക്കിയെങ്കിലും സംഭവസ്ഥലത്തെത്തിയവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.
നിരോധിത പുകയില ഉത്പന്നങ്ങള്‍ ഈ കടയില്‍നിന്നു മുന്‍പ് പിടികൂടിയിരുന്നു. അന്ന് മുതല്‍ പോലീസുകാരന് കടയില്‍ സ്ഥിരമായി എത്തിയിരുന്നു. കടയുടമ കുറച്ചുകാലമായി കടയില്‍ എത്തുന്നവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പോലീസുകാരന് കടയില്‍ എത്തി നാരങ്ങാവെള്ളം എടുക്കാന്‍ പറയുകയും കടയുടമ നാരങ്ങാവെള്ളം എടുക്കാന്‍ തിരിഞ്ഞസമയത്ത് പണപ്പെട്ടിയില്‍നിന്നു പണം കവരുകയുമായിരുന്നു. ഇതുകണ്ട കടയുടമ ഇയാളെ കൈയോടെ പിടികൂടി. നാട്ടുകാരുടെ മുന്നില്‍വെച്ച് മോഷണം പിടികൂടിയിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടില്‍ ചര്‍ച്ചയാകുന്നത്.
സംഭവം ഒത്തുതീര്‍പ്പാക്കിയ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ ഇതേ തരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും കേസ് ഒഴിവാക്കിനല്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നത് പതിവാണ്.
പോലീസുകാരനെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് രാജന് ആവശ്യപ്പെട്ടു.
Content Highlights: policeman stole money from shop; no action yet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..