സിസിടിവി ദൃശ്യം, പിവി ഷിഹാബ്, Photo: Screengrab/Mathrubhumi News
തിരുവനന്തപുരം: പിരിച്ചുവിടാനുള്ള പോലീസുകാരുടെ പട്ടികയില്‍, മുന്‍പ് കടയില്‍നിന്നു മാങ്ങ മോഷ്ടിച്ചതിനു നടപടി നേരിട്ട പോലീസുകാരനും. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. പി.വി.ഷിഹാബിനോടാണ് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലീസ് സൂപ്രണ്ട് വി.യു.കുര്യാക്കോസ് നോട്ടീസ് നല്‍കിയത്. ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരമാണിത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണം.
മാങ്ങാമോഷണം കൂടാതെ ഷിഹാബിനെതിരേ മറ്റ് രണ്ട് കേസുകള്‍കൂടിയുള്ളതും അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേക്കു നയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി മൊത്തവ്യാപാരസ്ഥാപനത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച കേസിലാണ് ഇയാള്‍ അവസാനം സസ്‌പെന്‍ഷനിലായത്. കടയിലെ നിരീക്ഷണ ക്യാമറയില്‍നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. 600 രൂപ വിലമതിക്കുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചെന്ന് കടയുടമ പരാതിയും നല്‍കിയിരുന്നു.
മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീര്‍പ്പാക്കി.
2019-ല്‍ പാക്കാനം സ്വദേശിനി മുണ്ടക്കയം പോലീസില്‍ നല്‍കിയ പരാതിയില്‍ ഷിഹാബ് അറസ്റ്റിലായിരുന്നു. പീഡനക്കേസില്‍ ഇയാള്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്. സ്ത്രീകളെ ശല്യംചെയ്‌തെന്ന പരാതിയിലും മുണ്ടക്കയം പോലീസ് കേസെടുത്തിരുന്നു. സേനയുടെ ഭാഗമാകുന്നതിനു മുന്‍പ് 2007-ല്‍ വീടുകയറി ആക്രമിച്ചെന്ന കേസിലും പ്രതിയായിരുന്നു.
Content Highlights: policeman in the mango theft case-layoffs list-Show cause notice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..