ബാലുവിനെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു (ഇടത്ത്), മരിച്ച ബാലു (വലത്ത്)
വക്കം: 'ഓളമടിച്ച് വള്ളത്തിനുള്ളില്‍ വെള്ളം കയറിയപ്പോള്‍ എന്ജിന് നിര്‍ത്തി. കരയ്ക്കടുപ്പിക്കാമെന്നാണു കരുതിയത്. പെട്ടെന്ന് വള്ളം മുങ്ങി. രണ്ടുപേരെ രണ്ടുവശത്തായി പിടിച്ചുകൊണ്ട് നീന്തി. മറ്റേയാള്‍ പുറകേ നീന്തി. രക്ഷപ്പെടുത്താനെത്തിയ വള്ളത്തില്‍ പിടിച്ച് തിരിഞ്ഞുനോക്കിയപ്പോള്‍ പിന്നിലുണ്ടായിരുന്നയാളെ കണ്ടില്ല.' അപകടം നടന്ന വള്ളത്തില്‍ പോലീസുകാര്ക്കൊപ്പമുണ്ടായിരുന്ന വള്ളക്കാരന് അകത്തുമുറി തോണ്ടപ്പുറം ഉഷാമന്ദിരത്തില്‍ വസന്തന് പറയുന്നു.
കായലില്‍ മീന്‍പിടിത്തമാണ് വസന്തന്റെ ജോലി. ശനിയാഴ്ച ജോലിയില്ലായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് വര്‍ക്കല സി.ഐ. വി.എസ്.പ്രശാന്ത്, പോലീസുകാരായ പ്രശാന്തകുമാര്‍, ബാലു എന്നിവര്‍ പണയില്ക്കടവിലെത്തി വസന്തനെ സമീപിച്ച് പൊന്നുംതുരുത്തുവരെ പോകാന്‍ വള്ളമിറക്കാമോയെന്നു ചോദിച്ചത്. എന്ജിന് ഘടിപ്പിച്ച ചെറിയ ഓടിവള്ളമാണ് വസന്തന് മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്നത്. വള്ളത്തിന് നടുക്ക് ഒരു പലക ഇട്ടുകൊടുത്തതിലാണ് സി.ഐ. വി.എസ്.പ്രശാന്തും പ്രശാന്തകുമാറും ഇരുന്നത്. മരിച്ച ബാലു വള്ളത്തിന്റെ കൊമ്പത്താണിരുന്നത്. വള്ളമിറക്കി ഇരുന്നൂറ് മീറ്ററോളം ചെന്നപ്പോള്‍ ഓളമടിച്ച് വള്ളത്തിനുള്ളില്‍ വെള്ളംകയറി. വെള്ളം കയറുന്നുണ്ടെന്നും കരയിലേക്കു തിരിക്കാമെന്നും പോലീസുകാരോടു പറയുകയും പെട്ടെന്ന് എന്ജിന് നിര്‍ത്തുകയും ചെയ്തു. നിമിഷനേരത്തിനുള്ളില്‍ വള്ളം മുങ്ങിത്താണു.
സി.ഐ.യെയും ഒരു പോലീസുകാരനെയും രണ്ടുവശത്തായി പിടിച്ചുകൊണ്ട് നീന്തുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തു. പിന്നാലെയുണ്ടായിരുന്ന പോലീസുകാരനും നിലവിളിക്കുന്നുണ്ടായിരുന്നു. വിളികേട്ട് മധു വള്ളവുമായെത്തി. മധുവിന്റെ വള്ളത്തില്‍ പിടിച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ പിറകേയുണ്ടായിരുന്നയാളെ കണ്ടില്ല. മുങ്ങിപ്പോയെന്ന് മനസ്സിലായി. വിവരമറിഞ്ഞ് കായലില്‍ മീന്‍പിടിക്കുന്നവരും കക്കവാരുന്നവരുമെല്ലാം ഓടിയെത്തി. വള്ളം മറിഞ്ഞഭാഗത്ത് തിരച്ചില്‍ നടത്തി. അരമണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മുങ്ങിപ്പോയയാളെ കണ്ടെത്തിയത്. കണ്മുന്നില് അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ കഴിയാതിരുന്നതിന്റെ വേദന വസന്തന്റെ വാക്കുകളിലുണ്ട്. ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വസന്തന് കായലില്‍ നടത്തിയിട്ടുണ്ടെങ്കിലും താന്‍ നിയന്ത്രിക്കുന്ന വള്ളത്തില്‍ ആദ്യമായാണ് ഇത്തരമൊരപകടമുണ്ടാകുന്നതെന്നും വസന്തന് പറഞ്ഞു.
മുന്നില്‍ മരണം; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
വര്‍ക്കല: 'മരണം മുന്നില്‍ക്കണ്ടു, രക്ഷപ്പെടില്ലെന്നാണ് വിചാരിച്ചത്. വള്ളക്കാരന്റെ അവസരോചിത ഇടപെടലും ഭാഗ്യവും കൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്.' പണയില്‍ക്കടവിലെ അപകടത്തില്‍നിന്നു രക്ഷപ്പെട്ട വര്‍ക്കല ഇന്‍സ്പെക്ടര്‍ വി.എസ്.പ്രശാന്തിന്റെ വാക്കുകളില്‍ അപകടത്തിന്റെ ആഴം വ്യക്തമാകുന്നു.
രക്ഷപ്പെട്ടതിന്റെ ആശ്വാസത്തേക്കാള്‍ സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഇന്‍സ്പെക്ടറിന്റെ വാക്കുകളിലുള്ളത്. ''യാത്രതുടങ്ങി കുറച്ചുദൂരം ചെന്നപ്പോള്‍ത്തന്നെ വള്ളത്തില്‍ വെള്ളംകയറിത്തുടങ്ങി. നീന്തലറിയാത്ത എന്നെ വള്ളക്കാരന് മുങ്ങിപ്പോകാതെ പിടിച്ചുപൊക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പൊങ്ങിവരാന്‍ കഴിയാതെയായി. ഇതോടെ രക്ഷപ്പെടില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. പിന്നീടുള്ളതൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ കരയില്‍നിന്നു മറ്റൊരു വള്ളമെത്തിച്ചപ്പോള് അതില്‍പ്പിടിച്ച് ഞാനും പ്രശാന്തകുമാറും കുറച്ചുസമയം കിടന്നു. പിന്നീടാണ് കരയ്ക്കെത്തിച്ച''തെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പം നീന്തിയ സഹപ്രവര്ത്തകന് നഷ്ടപ്പെട്ട വേദനയാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ട വര്‍ക്കല സ്റ്റേഷനിലെ സി.പി.ഒ. പ്രശാന്തകുമാര്‍ പങ്കുവെച്ചത്. ''ഞാനും ബാലുവും പരസ്പരം പിടിച്ച് താഴ്ന്നുപോകാതിരിക്കാന്‍ ശ്രമിച്ചു. വള്ളക്കാരന് രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് ബാലുവിനെ കാണാതായത്. പിന്നീട് രക്ഷപ്പെട്ട് കരയിലെത്തിയപ്പോഴും ബാലുവിനെ കണ്ടെത്തിയിരുന്നില്ല.''
രക്ഷപ്പെട്ട ഇരുവരെയും വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ അധികനേരം ആശുപത്രിയില്‍ കഴിയേണ്ടിവന്നില്ല. അപ്പോഴാണ് ബാലുവിന്റെ വിയോഗവാര്‍ത്തയെത്തിയത്.
മൂന്നുപേരെ രക്ഷിച്ചത് മധു
വക്കം: അഞ്ചുതെങ്ങ് കായലില്‍ അപകടത്തില്‍പ്പെട്ടവരെ കരയ്ക്കെത്തിച്ചത് വെന്നികോട് തെക്കേമാളികയില് മധുവാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മധു വീട്ടുവരാന്തയിലിരിക്കുമ്പോഴാണ് കായലില്‍നിന്നു നിലവിളി കേട്ടത്. പുറത്തിറങ്ങിനോക്കുമ്പോള്‍ വെള്ളത്തില്‍ നീന്തുന്നവരെയാണ് കണ്ടത്. ഓടിയിറങ്ങി വള്ളവുമെടുത്ത് നീന്തുന്നവര്ക്കടുത്തെത്തി. അവര്‍ വള്ളത്തില്‍പ്പിടിച്ച് നിന്നപ്പോഴാണ് ഒരാള്‍കൂടി അവര്ക്കൊപ്പമുണ്ടായിരുന്നുവെന്നറിഞ്ഞത്.
വള്ളത്തില്‍ പിടികിട്ടിയവരെ ഉടന്‍തന്നെ കരയ്ക്കെത്തിച്ചു. ഇതിനിടെ കായലില്‍ പണിയെടുക്കുന്നവരെല്ലാം വിവരമറിഞ്ഞെത്തി കായലില്‍ തിരച്ചില്‍ തുടങ്ങി. അപകടത്തില്‍പ്പെട്ട വള്ളംപോലും കാണാനില്ലായിരുന്നു. അരമണിക്കൂറോളം തിരച്ചില്‍ നടത്തിയപ്പോഴാണ് മുങ്ങിപ്പോയ പോലീസുകാരനെ കണ്ടെത്തിയത്. കരയ്ക്കെത്തിച്ച് ഉടന്‍തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീടാണ് മുങ്ങിപ്പോയ വള്ളം ഉയര്‍ത്തിയെടുത്തത്.
കായലില്‍ മീന്‍പിടിത്തമാണ് മധുവിന്റെ ജോലി. 40 വര്‍ഷമായി ഈ ജോലി ചെയ്യുന്നു.
ആദ്യമായാണ് ഈ ഭാഗത്ത് അപകടമുണ്ടായി ഒരാള്‍ മരിക്കുന്നതെന്ന് മധു പറയുന്നു. കായലില്‍ ഇപ്പോള്‍ വെള്ളം കൂടുതലാണ്.
ഒഴുക്കുമുണ്ട്. അടിയില്‍ ധാരാളം ചെളിയുമുണ്ട്. മുങ്ങിപ്പോയ പോലീസുകാരന് രക്ഷപ്പെടാന്‍ കഴിയാതിരുന്നതിന്റെ കാരണമിതെല്ലാമാണെന്നാണ് മധു പറയുന്നത്.
'പത്തടിയിലേറെ ആഴം, ഇടതുകാല് ചെളിയില്‍ പുതഞ്ഞു''
വക്കം: കായലില്‍ മുങ്ങിത്താഴ്ന്ന ബാലുവിനെ കണ്ടെത്തിയത് തോണ്ടപ്പുറം അനശ്വരനിലയത്തില് സുനില്‍കുമാര്‍.
കായലില്‍ കക്കവാരുന്ന സുനില്‍കുമാര്‍ ശനിയാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പോലീസുകാര്‍ കായലില്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞത്. ഉടന്‍തന്നെ തിരിച്ചെത്തി. വള്ളം മുങ്ങിയഭാഗത്ത് ഒട്ടേറെപ്പേര്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം തിരച്ചില്‍ നടത്തി.
ഒരുഭാഗത്ത് പത്തടിയോളം ആഴത്തില്‍ മുങ്ങിച്ചെന്നപ്പോള് ആളെ കൈയില്‍ തടഞ്ഞുവെന്ന് സുനില്‍കുമാര്‍ പറഞ്ഞു. തനിച്ചുയര്ത്താന് കഴിയാഞ്ഞതിനാല്‍ കൂടെയുള്ളവരെ വിളിച്ചു. മൂന്നുനാലുപേര്‍ കൂടിയെത്തിയാണ് മുങ്ങിത്താഴ്ന്ന് ഉയര്‍ത്തിയത്. ബാലുവിന്റെ ഇടതുകാല് മുട്ടോളം ചെളിയില്‍ പുതഞ്ഞിരുന്നു. ഇതുകൊണ്ടാകാം രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. കാലില്‍ ബൂട്ടുണ്ടായിരുന്നതിനാല് ചെളിയില്പുതഞ്ഞപ്പോള് കാലു പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
രണ്ടുപേര്‍ക്കുള്ള വള്ളത്തില്‍ കയറിയത് നാലുപേര്‍
വക്കം: സാധാരണ രണ്ടുപേര്‍ കയറുന്ന വള്ളത്തിലാണ് ശനിയാഴ്ച നാലുപേര്‍ കയറിയത്. വര്‍ക്കല സി.ഐ. വി.എസ്.പ്രശാന്ത്, പോലീസുകാരായ പ്രശാന്ത്കുമാര്‍, ബാലു എന്നിവരെക്കൂടാതെ വള്ളക്കാരന് വസന്തകുമാറും വള്ളത്തിലുണ്ടായിരുന്നു.
തടിയില്‍ നിര്‍മിച്ച് ഫൈബര്‍ പൊതിഞ്ഞ വള്ളമാണിത്. കായലില്‍ മീന്‍പിടിക്കാന്‍ പോകാന്‍ എന്ജിന് ഘടിപ്പിച്ചിട്ടുണ്ട്. ഓളമടിച്ച് വള്ളത്തില്‍ വെള്ളംകയറിയയുടന് വള്ളക്കാരന് എന്ജിന് നിര്‍ത്തി കരയിലേക്കു തിരിക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ വള്ളം മുങ്ങിപ്പോകുകയായിരുന്നു. എന്ജിന് ഘടിപ്പിച്ചിരുന്നതിനാലാണ് വള്ളം മുങ്ങിപ്പോയത്. ഇല്ലെങ്കില്‍ വള്ളം മറിഞ്ഞാലും വെള്ളത്തിനു മുകളില്‍ കമഴ്ന്നുകിടക്കുമായിരുന്നു. ഇതില്പ്പിടിച്ചുകിടന്ന് രക്ഷപ്പെടാന്‍ കഴിയും. ആളെണ്ണം കൂടിയതും വള്ളം മുങ്ങിത്താഴ്ന്നതുമാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.
പോലീസെത്തിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്; ഒട്ടകം രാജേഷിനെ പിടികൂടാന്‍ തീവ്രശ്രമം
ആറ്റിങ്ങല്‍: പോത്തന്‍കോട് സുധീഷ് വധക്കേസിലെ രണ്ടാംപ്രതി ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് കായലിലെ തുരുത്തിലുണ്ടെന്ന് പോലീസിനു രഹസ്യവിവരം ലഭിക്കുകയായിരുന്നു.
പണയില്ക്കടവില്നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള പൊന്നുംതുരുത്തില്‍ ഒട്ടകം രാജേഷ് ഉണ്ടാകുമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു പോലീസ്.
പ്രതി അവിടെനിന്നു രക്ഷപ്പെടുംമുമ്പ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. പോത്തന്‍കോട്, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് വര്‍ക്കല സ്റ്റേഷനുകളില്‍നിന്നുള്ള പോലീസ് സംഘം അന്വേഷണത്തിനായി രംഗത്തിറങ്ങിയിരുന്നു. ആദ്യമെത്തിയ വര്‍ക്കല സി.ഐ.യും സംഘവും പൊന്നുംതുരുത്തിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത പോലീസ് സംഘത്തെ മാനസികമായി ഉലച്ചെങ്കിലും പ്രതി വഴുതിപ്പോകാതിരിക്കാനുള്ള നടപടികളുമായി അവര്‍ മുന്നോട്ടുപോയി. ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, വക്കം കടയ്ക്കാവൂര്‍ മേഖലകളിലെ ഗുണ്ടാത്താവളങ്ങളും ഒളിയിടങ്ങളും ശനിയാഴ്ച പോലീസ് റെയ്ഡ് നടത്തി. പൊന്നുംതുരുത്തുള്പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയാണ്. മറ്റൊരിടത്തേക്കും രക്ഷപ്പെടാനനുവദിക്കാതെ ഒട്ടകം രാജേഷിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
സുധീഷ് വധക്കേസിനുപുറമേ രണ്ട് കൊലക്കേസുള്‍പ്പെടെ അമ്പതോളം കേസുകളില്‍ പ്രതിയാണ് ഒട്ടകം രാജേഷ്. സുധീഷ് വധത്തിലെ സൂത്രധാരന്‍ ഇയാളാണെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ആളെ സംഘടിപ്പിച്ചതും എങ്ങനെ വേണമെന്ന് ആസൂത്രണം നടത്തിയതുമെല്ലാം ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..