തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തിലാണ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ഡിവൈ.എസ്.പി. തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. അറിയിച്ചു.  

aluva
അതിഥി തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍
പോലീസുകാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഫോട്ടോ: സി.എച്ച്. ഷഹീര്‍.

അതിഥിതൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവര്‍ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താനായിരിക്കും പ്രധാനമായും ശ്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി അതിഥിതൊഴിലാളികളുടെ ഭാഷ അറിയാവുന്ന കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥരുടെയും ഹോം ഗാര്‍ഡുകളുടെയും സേവനം വിനിയോഗിക്കും. 

ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് പ്രത്യേക പോലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിര്‍ത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബഹ്‌റ അറിയിച്ചു. 

തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. 

content highlight: police will make necessary arrangements for migrant labours travel in covid period says dgp