പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുകള്‍ തുടരുമെന്ന് പോലീസ്. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. ശബരിമലയിലെ പോലീസ് നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതി വൈകുന്നേരം ഗവര്‍ണറെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.

തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പുണ്ടായ അക്രമ സംഭവങ്ങളില്‍ ഇവരുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞതായും പോലീസ് പറയുന്നു.

രാത്രിയില്‍ ശബരിമല കയറുന്നതിന് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്ന് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലേക്ക് നയിച്ചത്. ആര്‍എസ്എസ് നേതാവ് കെ പി ശശികലയും ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ബിജെപി നേതാക്കള്‍ വീണ്ടും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമെന്നും സൂചനയുണ്ട്. ഇനിയും നേതാക്കള്‍ ശബരിമലയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

sabarimala protest
കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട്  കറന്തക്കാട് നടത്തിയ റോഡ് ഉപരോധം.  ഫോട്ടോ: എൻ.രാമനാഥ് പൈ. 

പോലീസ് നടപടിയില്‍ അയവുവരാത്ത സാഹചര്യത്തില്‍ ബിജെപി കോടതിയെ സമീപിക്കുമെന്നാണ് സൂചന. ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് നടപടിക്കെതിരെയാണ് ബിജെപി കോടതിയെ സമീപിക്കുന്നത്. പോലീസ് നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ശബരിമലയിലെ പോലീസ് നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഗവര്‍ണറെ കാണും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഇന്നു വൈകിട്ട് കോട്ടയം ഗസ്റ്റ്ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

sabarimala protest
ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. ഫോട്ടോ: സി.ബിജു. 

ഇതിനിടെ, പകല്‍ സമയത്തും ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 11.30 മുതല്‍ രണ്ടു മണിവരെ പമ്പയില്‍നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തരെ കയറ്റിവിടില്ല. ഈ സമയത്ത് സന്നിധാനത്തുള്ള ഭക്തര്‍ക്ക് തിരികെ പോകാന്‍ അനുവദിക്കും. ശബരിമലയിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ നിയന്ത്രണം എന്നാണ് സൂചന.

sabarimala prortest
തിരുവനന്തപുരത്തെ റോഡ് ഉപരോധം ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.  ഫോട്ടോ: ജി.ബിനുലാൽ. 

Content highlights: security arrangements in sabarimala, sabarimala women entry, bjp, Sabarimala protest