ആലുവ: കേരളത്തില്‍ പോലീസ് അതിക്രമങ്ങള്‍ തുടര്‍കഥയാകുന്നു. ആലുവയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ പോലീസ് മര്‍ദിച്ചതായാണ്‌ പുതിയ പരാതി. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനവും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. 

ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനാണ് പോലീസ് മര്‍ദനത്തിനിരയായത്. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ പോലീസ് സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനവും യുവാവിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത് ചോദ്യം ചെയ്തതാണ് കൈയേറ്റത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഉസ്മാനെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറിലുണ്ടായിരുന്നു നാല് പോലീസുകാരും മഫ്തിയിലായിരുന്നെന്ന്‌ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദിച്ച ശേഷം പോലീസ് സംഘം യുവാവിനെ വാഹനത്തില്‍ കയറ്റികൊണ്ട് പോകുകയായിരുന്നു. യുവാവിനെ ഗുണ്ടാസംഘം കടത്തികൊണ്ട് പോയെന്ന് കരുതി നാട്ടുകാര്‍ എടത്തല പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവത്തെ കുറിച്ചുള്ള വ്യക്തമായ വിവരം നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ഉസ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍, എട്ടുമണി വരെ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് തയാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു. പിന്നീട് ഡി.വൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഉസ്മാനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

മര്‍ദിച്ച ശേഷം ഉസ്മാനെതിരേ പോലീസ് കേസെടുക്കുകയും ചെയ്‌തെന്നാരോപിച്ച് ആശുപത്രിക്ക് സമീപം നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഉസ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയും ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.