സജി ചെറിയാൻ| Photo: Mathrubhumi
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം. ഭരണഘടനാവിരുദ്ധ പരാമര്‍ശം തെളിയിക്കാനാവില്ലെന്ന നിഗമനത്തിലാണ് പോലീസുള്ളത്. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും.
മല്ലപ്പള്ളിയില്വെച്ചു നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയ്ക്കെതിരേ ഗുരുതരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. തിരുവല്ല കോടതിയുടെ നിര്‍ദേശാനുസരണമാണ് പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അഞ്ചുമാസമായിട്ടും കേസില്‍ ഇതുവരെ സജി ചെറിയാനെ ചോദ്യം ചെയ്തിട്ടില്ല.
ഭരണഘടനയ്ക്കെതിരേ പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നെങ്കിലും ഇത് സജി ചെറിയാന്റെ ശബ്ദരേഖയാണോ എന്ന് ആദ്യം പോലീസ് പരിശോധിച്ചില്ല. മറിച്ച്, വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കാനാണ് പോലീസ് ശ്രമിച്ചത്.
അഞ്ചുമാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കേസ് തുടരേണ്ടതില്ലെന്നാണ് പോലീസ് നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, കേസ് തെളിയിക്കാനാവില്ലെന്ന് കോടതിയില്‍ സ്ഥാപിക്കാനാണ് പോലീസ് ശ്രമം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല ഡി.വൈ.എസ്.പി. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
Content Highlights: police to close the case against saji cheriyan on anti constitution remark
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..