കൊല്ലം: കടയ്ക്കല്‍ കാഞ്ഞിരംമൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനു നേര്‍ക്ക് പോലീസുകാരന് ലാത്തികൊണ്ട് എറിഞ്ഞു. ഏറ് കൊണ്ട് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ബൈക്ക് എതിര്‍ദിശയിലൂടെ വന്ന ഇന്നോവ കാറില്‍ ഇടിച്ചുമറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് സിദ്ദിഖ്(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിദ്ദിഖിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റതെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ് സിദ്ദിഖ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.
സിദ്ദിഖിനു നേര്‍ക്ക് ലാത്തിയെറിഞ്ഞ കടയ്ക്കല്‍ സ്റ്റേഷനിലെ സി.പി.ഒ ചന്ദ്രമോഹനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിന്റെതാണ് നടപടി.
റോഡിന്റെ വളവില്‍നിന്നായിരുന്നു പോലീസിന്റെ പരിശോധന. ഇത് സിദ്ദിഖിന്റെ കണ്ണില്പ്പെട്ടിരുന്നില്ല. ബൈക്കിനു മുന്നിലേക്ക് ചന്ദ്രമോഹന് എത്തിയെങ്കിലും സിദ്ദിഖിന് നിര്‍ത്താന്‍ സാധിച്ചുമില്ല. തുടര്‍ന്നാണ് ചന്ദ്രമോഹന് ലാത്തിയെറിഞ്ഞത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് കാറില്‍ ഇടിക്കുകയും സിദ്ദിഖ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനപരിശോധനയ്ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് വാഹനം തടഞ്ഞുനിര്‍ത്താനോ പിടിച്ചെടുക്കാനോ ചന്ദ്രമോഹന് നിര്‍ദേശം നല്‍കിയിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടയ്ക്കല്‍ സ്റ്റേഷനില്‍വെച്ച് ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ വാഹനങ്ങളെ പിന്തുടര്ന്ന് പിടിക്കാന്‍ ശ്രമിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുള്ളതാണ്. ഇതിന്റെ ലംഘനം കൂടിയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
content highlights: police throws lathi at a bike rider during vehicle checking at kollam