രാത്രി പാറപ്പുറത്ത്, വിശപ്പടക്കാന്‍ ബിസ്‌കറ്റ്; കഞ്ചാവ് വേട്ടയ്ക്കിറങ്ങി കാട്ടിൽ കുടുങ്ങി പോലീസ്


സംഘത്തിലുള്ളവര്‍ വെള്ളിയാഴ്ച രാത്രിതന്നെ പോലീസുകാരെ ഫോണില്‍ വിവരമറിയച്ചതോടെയാണ് ഇവര്‍ കാട്ടില്‍ക്കുടുങ്ങിയ വിവരമറിഞ്ഞത്.

ഉൾവനത്തിൽക്കുടുങ്ങിയ പോലീസ് സംഘത്തെ ശനിയാഴ്ച വൈകീട്ടോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മലമ്പുഴ കവ ഭാഗത്ത് തിരിച്ചെത്തിച്ചപ്പോൾ

പാലക്കാട്: കഞ്ചാവുവേട്ടയ്ക്കിറങ്ങി വഴിയറിയാതെ ഉള്‍വനത്തില്‍ക്കുടുങ്ങിയ പോലീസ് സംഘത്തിലെ 14 പേരെയും ഒരുരാത്രിനീണ്ട ആശങ്കകള്‍ക്കൊടുവില്‍ തിരിച്ചെത്തിച്ചു. മലമ്പുഴവനത്തില്‍ പരിശോധന നടത്താനിറങ്ങിയ പാലക്കാട് നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഒന്നരദിവസത്തിനുശേഷം വനത്തിന് പുറത്തെത്തിച്ചത്. വനംവകുപ്പിന്റെയും ആദിവാസികളുടെയും നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘമാണ് ഇവരെ കണ്ടെത്തിയത്.

മലമ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.എച്ച്.ഒ. ബി. സുനില്‍ കുമാര്‍, വാളയാര്‍ സബ് ഇന്‍സ്പെക്ടർ രാജേഷ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. ജലീല്‍ എന്നിവരടക്കമുള്ള പോലീസുദ്യോഗസ്ഥരും മാവോവാദിവിരുദ്ധ സേനാംഗങ്ങളുമാണ് കാട്ടിനകത്ത് കുടുങ്ങിയത്. പാറപ്പെട്ടിയെന്ന സ്ഥലത്ത് കഞ്ചാവുചെടി വളര്‍ത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കാടുകയറിയത്. മലമ്പുഴയില്‍നിന്ന് അയ്യപ്പന്‍പൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി 15 കിലോമീറ്ററിലധികം സഞ്ചരിച്ച് ഉള്‍ക്കാട്ടിലേക്ക് പ്രവേശിച്ച സംഘം, കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും വഴിയറിയാതെ കുടുങ്ങി. ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി നിലച്ചതും വഴികണ്ടെത്താന്‍ പ്രയാസമുണ്ടാക്കി.

സംഘത്തിലുള്ളവര്‍ വെള്ളിയാഴ്ച രാത്രിതന്നെ പോലീസുകാരെ ഫോണില്‍ വിവരമറിയച്ചതോടെയാണ് ഇവര്‍ കാട്ടില്‍ക്കുടുങ്ങിയ വിവരമറിഞ്ഞത്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ ദൗത്യം ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് വഴിതെറ്റിയവരെ കണ്ടെത്താന്‍ പുറപ്പെട്ടത്. പുതുശ്ശേരി നോര്‍ത്ത് വനംവകുപ്പ് സെക്ഷന്‍ ഓഫീസില്‍നിന്ന് എട്ടംഗസംഘവും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍നിന്ന് 11 അംഗങ്ങളുള്ള മറ്റൊരു സംഘവും പുലര്‍ച്ചെ അഞ്ചരയോടെ തിരച്ചിലിനിറങ്ങി. ഉച്ചയ്ക്ക് 12.30-ഓടെ ആട്ടുമലചോലയെന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്.

കാട്ടില്‍ ഒരുരാത്രി മുഴുവന്‍ പാറപ്പുറത്ത് ഇരിക്കയായിരുന്നെന്ന് പുറത്തെത്തിയശേഷം നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസന്‍ പറഞ്ഞു. കനത്തമഴയും കോടമഞ്ഞുമാണ് വഴിതെറ്റാന്‍ കാരണമായത്. കൈയില്‍ക്കരുതിയിരുന്ന ബിസ്‌ക്കറ്റും മറ്റുമായിരുന്നു രാത്രിയിലെ ഭക്ഷണം. വന്യമൃഗങ്ങളുടെ ശല്യമുണ്ടായില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യം സൂക്ഷിക്കാന്‍ കാടുകയറി

വനംവകുപ്പിനെ ഒപ്പം കൂട്ടിയാണ് കാട് കയറേണ്ടതെങ്കിലും ചില അടിയന്തര സാഹചര്യങ്ങളില്‍ അതിന് സാധിക്കാറില്ലെന്ന് നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസന്‍. കാട്ടില്‍നിന്ന് തിരിച്ചെത്തിയ ശേഷമായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വിളവെടുപ്പ് നടക്കുന്നുവെന്ന വിവരം കിട്ടിയത്. പെട്ടെന്ന് കഞ്ചാവ് നശിപ്പിക്കേണ്ടതിനാലും വിവരം രഹസ്യമാക്കി സൂക്ഷിക്കേണ്ടതിനാലും ആണ് പെട്ടെന്ന് കാട് കയറിയത്. ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചിരുന്നു. ലഭിച്ച രഹസ്യവിവരം പൂര്‍ണമായും ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മഴ, ഇരുട്ട്, അട്ട... വന്യതയില്‍ ഒരു രാത്രി

'ഞങ്ങള്‍ ഉള്‍വനത്തിത്തിലേക്ക് കടന്നതും മഴ കനത്തു... നിലയ്ക്കാതെ പെയ്ത മഴയില്‍ വഴികളില്‍ ചെളിനിറഞ്ഞു. മെല്ലെ മുന്നോട്ട് നീങ്ങിയെങ്കിലും ഫോണില്‍ റെയിഞ്ച് പോയതോടെ ഇന്റര്‍നെറ്റ് കിട്ടാതായി. ഒന്ന് ഫോണ്‍വിളിക്കാന്‍ പോലും കഴിയാത്ത സ്ഥിതി. വൈകാതെ കാട് മുഴുവന്‍ കോടമഞ്ഞില്‍ മുങ്ങി. ഇതോടെ മുന്നിലുണ്ടായ വഴികള്‍ കാണാതായി.' -കഞ്ചാവ് വേട്ടക്കിറങ്ങി വഴിയറിയാതെ ഉള്‍വനത്തില്‍ കുടുങ്ങിയ സംഘത്തിലെ നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസനും മലമ്പുഴ ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണനും ഒരുരാത്രി കാടിനകത്ത് കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ ഓരോന്നായി പങ്കിട്ടു.

police
മലമ്പുഴ ഉള്‍വനത്തില്‍ കുടുങ്ങിപ്പോയ സംഘത്തെ തിരിച്ചെത്തിക്കാന്‍ പോയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ കാട്ടാനക്കൂട്ടം എത്തിയപ്പോള്‍

രഹസ്യവിവരത്തെ പിന്തുടര്‍ന്ന്

മലമ്പുഴ വനമേഖലയില്‍ ഉള്‍ക്കാട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പാറപ്പെട്ടി കോളനിയെന്ന സ്ഥലത്ത് പുല്‍മൈതാനത്ത് കഞ്ചാവ് വിളവെടുക്കാന്‍ തയ്യാറായിട്ടുണ്ടെന്നായിരുന്നു വിവരം. ഇത് കണ്ടെത്തി നശിപ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ പുറപ്പെടുന്നതും അങ്ങനെയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ സ്ഥലത്തെത്തി. ഉയരമുള്ള സ്ഥലത്തുനിന്ന് താഴേക്ക് നോക്കിയെങ്കിലും കഞ്ചാവ് ചെടികളൊന്നും കണ്ടില്ല. ചെടികള്‍ നശിപ്പിച്ച് തിരിച്ച് മടങ്ങാമെന്നാണ് കരുതിയത്. എന്നാല്‍, കഞ്ചാവ് കാണാത്തതിനാല്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ യാത്രതിരിച്ചു.

കോടമഞ്ഞ് നിറഞ്ഞു; വഴികള്‍ മറഞ്ഞു

സാധാരണ വനത്തിലേക്ക് ഗൂഗിള്‍ എര്‍ത്ത് മാപ്പ് ഉപയോഗിച്ചാണ് പോകാറ്. കാട്ടിലെത്തുന്നതുവരെ പോയതും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, പ്രതികൂല കാലവസ്ഥമൂലം ഇന്റര്‍നെറ്റ് ലഭിക്കാതായതോടെ വഴി കണ്ടെത്താന്‍ പ്രയാസമായി. ഞങ്ങള്‍ ഒരുപാട് ദൂരം വനത്തിന്റെ താഴ്ചയുള്ള ഭാഗത്തേക്ക് പോയി. വഴിതെറ്റിയെന്ന് മനസ്സിലാക്കി തിരികെ വരുമ്പോഴേക്കും വൈകുന്നേരം നാലുമണി കഴിഞ്ഞു. ഇതോടെ മുന്നില്‍ കോടമഞ്ഞ് മൂടി. തീര്‍ത്തും വഴി കാണാന്‍ വയ്യാതായി. ഒപ്പം മഴയും ശക്തിപ്പെട്ടതോടെ മുന്നോട്ട് നീങ്ങാനാവില്ലെന്നായി. ഇടയ്ക്ക് ബി.എസ്.എന്‍.എല്‍. ഫോണില്‍ റെയിഞ്ച് കിട്ടിയതോടെ വഴിതെറ്റിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

രാത്രി പാറപ്പുറത്ത്; വിശപ്പടക്കിയത് ബിസ്‌കറ്റ്

വഴിതെറ്റിയതോടെ നേരം വെളുക്കുംവരെ കാട്ടില്‍ തങ്ങാന്‍ എല്ലാവരും തീരുമാനിച്ചു. അടുത്തുള്ള അരുവിയോട് ചേര്‍ന്നുള്ള ഒരു പാറപ്പുറത്തിരിക്കാനായിരുന്നു തീരുമാനം. കാട്ടില്‍ പോയി പരിചയമുള്ള, മാവോവാദി ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുള്ള ആളുകളും അല്ലാത്തവരും ഞങ്ങളുടെ സംഘത്തിലുണ്ട്. ഒരുദിവസത്തിനകം തിരിച്ചുവരാമെന്ന് കരുതി പോയതിനാല്‍, ആരുടെ കൈയിലും ടെന്‍ഡ് കെട്ടി താമസിക്കാനുള്ള സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പലരും കൈയിലുണ്ടായിരുന്ന റെയിന്‍കോട്ട് ഉപയോഗിച്ചായിരുന്നു തണുപ്പില്‍ നിന്ന് രക്ഷനേടിയത്. വനത്തിലേക്ക് റെയ്ഡിന് പോകുമ്പോഴെല്ലാം രണ്ട് ദിവസത്തേക്കുള്ള ലഘുഭക്ഷണം കരുതാറുണ്ട്. ബിസ്‌കറ്റ്, ഡ്രൈഫ്രൂട്ട്സ് പോലുള്ളവ ഇത്തവണയും കൈയിലുണ്ടായിരുന്നു. ഇത് പങ്കിട്ടായിരുന്നു വിശപ്പടക്കിയത്. അരുവിയോട് ചേര്‍ന്ന് താമസിച്ചതിനാല്‍ അട്ടശല്യം രൂക്ഷമായിരുന്നു. അട്ടകള്‍ കാലുകളിലെ ചോര ഊറ്റിക്കുടിക്കുന്നതിനാല്‍ ഒന്ന് കണ്ണടയ്ക്കാന്‍ പോലും കഴിഞ്ഞില്ല. പലരും പാറപ്പുറത്ത് ഉറങ്ങാതെ ഇരുന്നാണ് നേരം വെളുപ്പിച്ചത്.

പ്രതീക്ഷയുടെ പുലരി

കാട്ടാന ഉള്‍പ്പെടെ, വന്യമൃഗങ്ങള്‍ ഏറെയുള്ള കാടാണെങ്കിലും ഭാഗ്യംകൊണ്ട് അവയുടെ ശല്യമുണ്ടായിരുന്നില്ല. ശനിയാഴ്ച നേരം വെളുത്തതോടെ ഞങ്ങള്‍ വീണ്ടും കാടിന് പുറത്തെത്താനുള്ള ശ്രമം തുടങ്ങി. കാലാവസ്ഥ അനുകൂലമായതോടെ, ഇന്റര്‍നെറ്റ് ലഭിച്ചു. ഗൂഗിള്‍മാപ്പ് ഉപയോഗിച്ച് ഒന്നാംപുഴയുടെ സമീപത്തെത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇന്റര്‍നെറ്റ് കിട്ടാതായി. ഇതോടെ പുറത്തെത്താന്‍ കഴിഞ്ഞില്ല. പിന്നീട് വനംവകുപ്പിന്റെ രക്ഷാദൗത്യസംഘം എത്തിയതോടെയാണ് ഞങ്ങള്‍ക്ക് കാടിന് പുറത്തേക്കെത്താന്‍ വഴിതുറന്നത്.

police
ഉൾവനത്തിൽ കുടുങ്ങിപ്പോയ പോലീസ് സംഘത്തെ കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥസംഘം

രക്ഷകര്‍ക്ക് വഴികാട്ടിയത് മരത്തിലെ അടയാളങ്ങളും കാല്‍പ്പാടുകളും

വനത്തിനുള്ളില്‍ വഴിയറിയാതെ പകച്ചുനില്‍ക്കയായിരുന്നു കഞ്ചാവുവേട്ടയ്ക്ക് പോയ പോലീസ് സംഘം. ഇവരെ കണ്ടെത്താനും കാടിന് പുറത്തെത്തിക്കാനും മുന്നിലുണ്ടായിരുന്നത് വനപാലകരാണ്. പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുന്നത് എവിടെയാണെന്നുപോലും അറിയാതെയായിരുന്നു വനപാലകര്‍ 15 കിലോമീറ്ററിലധികം കാല്‍നടയായി കാടുകയറിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു യാത്ര. പുലര്‍ച്ചെ അഞ്ചരയോടെ പുതുശ്ശേരി നോര്‍ത്ത് വനംവകുപ്പ് സെക്ഷന്‍ ഓഫീസില്‍നിന്നുള്ള ഒരു സംഘവും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍നിന്ന് 11 അംഗങ്ങളുള്ള മറ്റൊരു സംഘവുമാണ് തിരച്ചിലിനിറങ്ങിയത്. വനംവകുപ്പ് വാച്ചര്‍മാരും ആദിവാസികളും ഒപ്പമുണ്ടായിരുന്നു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ പുതുശ്ശേരിസംഘം വാളയാര്‍ കാട്ടിലെ പണ്ടാരത്തുമലയിലെ ചുണ്ണാമ്പുഖനിയുടെ ഭാഗം ലക്ഷ്യമാക്കിയും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മലമ്പുഴ കവ ഭാഗത്തുനിന്ന് ചാക്കോള എസ്റ്റേറ്റ് ഭാഗത്തുകൂടിയും നീങ്ങി. കാടിനകത്തേക്ക് പ്രവേശിച്ച പുതുശ്ശേരിസംഘം ആദ്യം ചെന്നുപെട്ടത് കാട്ടാനകള്‍ക്ക് മുന്നിലായിരുന്നു. ഏറെ പണിപ്പെട്ട് ഇവര്‍ കാട്ടാനകളെ ദിശ മാറ്റിവിട്ടു. പാറയും അരുവിയുമുള്ള സ്ഥലത്ത് നില്‍ക്കുന്നുണ്ടെന്നായിരുന്നു കാട്ടിലകപ്പെട്ട പോലീസുകാര്‍ നല്‍കിയ ഏക വിവരം. ഇത് പ്രകാരം അരുവികളായിരുന്നു വനപാലകര്‍ ആദ്യം തേടിയത്. പോലീസുകാര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ വിസിലടിച്ച് ശബ്ദമുണ്ടാക്കി മുന്നോട്ടുനീങ്ങി. ഇടയ്ക്ക് മഴയും അട്ടശല്യവും തിരച്ചില്‍ ദുഷ്‌കരമാക്കി. ആട്ടുമല ചോലയുടെ ഭാഗത്തെത്തിയപ്പോഴാണ് അരുവികണ്ടത്.

കടന്നുപോകുന്ന വഴികളിലെ മരത്തിലെല്ലാം ചെറിയ വെട്ടുകളുണ്ടാക്കിയായിരുന്നു പോലീസ് സംഘം കടന്നുപോയത്. തിരിച്ചുവരാനുള്ള അടയാളമായായിരുന്നു ഇത്. ഈ അടയാളങ്ങളും കണ്ടതോടെ വനപാലകര്‍ സൂക്ഷിച്ച് മുന്നോട്ടുനീങ്ങി. വഴികളില്‍ കാല്‍പ്പാടുകളും ഇതിനിടെ കണ്ടു. ഇതോടെ ശബ്ദത്തില്‍ വിസില്‍മുഴക്കി. വിസില്‍ശബ്ദംകേട്ട് പോലീസുകാരും പ്രതികരിച്ചതോടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ രണ്ട് സംഘവും കണ്ടുമുട്ടി. ക്ഷീണിതരായ പോലീസുകാര്‍ക്ക് വനപാലകര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളവും ഭക്ഷണവും നല്‍കി.

പിന്നീട് കാല്‍നടയായി മലമ്പുഴ കവവഴി വൈകുന്നേരം അഞ്ചുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു. ഇബ്രാഹിം ബാദുഷയ്ക്ക് പുറമേ ബി.എഫ്.ഒ. കെ. രജീഷ്, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ അബ്ദുള്‍സലാം, താത്കാലിക വാച്ചര്‍മാരായ രംഗപ്പന്‍, ബാബു ചടയന്‍, മണികണ്ഠന്‍, ജേക്കബ്, ആറുചാമി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: Police teamn stranded in malampuzha forest during attempt to bust ganja farming, rescued

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented