കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു.

സെപ്റ്റംബര്‍ പത്തൊമ്പതാം തിയതി ചോദ്യംചെയ്യലിന്‌ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചെന്ന് ഐ ജി വിജയ് സാഖറെ കൊച്ചിയില്‍ പറഞ്ഞു.

കന്യാസ്ത്രീയുടെ പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെ കുറിച്ച് വിശകലനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ശേഷമായിരുന്നു സാഖറെയുടെ പ്രതികരണം.

ഇതുവരെയുള്ള അന്വേഷണം വിശകലനം ചെയ്തുവെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനും അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാനും പോലീസിനുമേല്‍ സമ്മര്‍ദ്ദമുള്ളതായി സൂചനകളുണ്ട്. ഇതുവരെ പോലീസിന് കിട്ടിയ തെളിവുകളും മൊഴികളും ബിഷപ്പിന് എതിരാണെന്നാണ് ലഭ്യമായ വിവരം. ചോദ്യം ചെയ്തപ്പോള്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ ചിലത് കള്ളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് കോടതി മുമ്പാകെ കന്യാസ്ത്രീ നല്‍കിയ, ക്രിമിനല്‍ നടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരമുള്ള മൊഴി.

content highlights: police summons bishop franco mulakkal on september 19