കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ അനാസ്ഥമൂലം കോവിഡ് രോഗികള്‍ മരിച്ചു എന്ന് ആരോപിക്കുന്ന മൂന്ന് പരാതികളിലാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായത്.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. ഇക്കാര്യം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ ബന്ധുക്കളെ പോലീസ് രേഖാമൂലം അറിയിക്കുകയും ചെയ്തു.
നിയമനടപടി എടുക്കത്തക്ക കുറ്റം ഹാരിസിനെ ചികിത്സിച്ച ആശുപത്രി ജീവനക്കാരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. അതേസമയം പോലീസിന്റെ നടപടിക്കെതിരെ ഹാരിസിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
നേരത്തെ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിങ് ഓഫീസര്‍ ജലജാദേവിയുടെ വാട്ട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് നിരവധി പേര്‍ മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇവരുടേത് ഉള്‍പ്പെടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഡോക്ടര്‍മാരുടെയും ആ സമയത്ത് ചികിത്സയിലുണ്ടായിരുന്നവരുടെയും മൊഴിയില്‍ ചികിത്സാപിഴവ് ഉള്ളതായി പറയുന്നില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ, കോവിഡ് ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് വ്യക്തമാക്കുകയും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തള്ളുകയാണുണ്ടായത്.
content highlights: police submitts report on covid patient's death in kalamasery medical college