അപകടത്തിൽ മരിച്ച എസ്.ഐ സുരേഷ്കുമാർ
പോലീസ് യൂണിഫോമില്‍ സ്റ്റീല്‍ ഗ്ലാസില്‍ താളമിട്ടും ഡെസ്കില്‍ മറുതാളം ഇട്ടും ജാനകീ ജാനേ രാമ എന്ന പാട്ട് സ്വയം മറന്ന് ആസ്വദിച്ച് പാടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍. കുറച്ചുനാള്‍ മുമ്പ് സമൂഹമാധ്യമങ്ങള്‍ വൈറലായ വീഡിയോ ആണിത്. ഗ്ലാസില്‍ താളമിട്ട് പാട്ടുപാടുന്നത് എസ്.ഐ. സുരേഷ് കുമാറാണ്. അദ്ദേഹം ഇന്നില്ല. വെള്ളിയാഴ്ച കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുടെ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടിയുണ്ടായ അപകടത്തില്‍ സുരേഷ് കുമാര്‍ മരിച്ചു. ഡെസ്കില്‍ താളംപിടിച്ചത് അന്ന് എ.എസ്.ഐ. ആയിരുന്ന മണ്ണടിക്കാരന്‍ ഗോപിനാഥനാണ്. അദ്ദേഹവും ഇന്നില്ല. സര്‍വീസില്‍നിന്ന് വിരമിച്ച ഗോപിനാഥന് ഏറെ വൈകാതെ മരിച്ചു.
അന്നത്തെ വൈറല്‍ ഗാനം ഇന്ന് കണ്ണു നിറയാതെ പ്രിയപ്പെട്ടവര്‍ക്ക് കാണാനാകില്ല. കാക്കിക്കുള്ളിലെ കലാഹൃദയം മാത്രമല്ല. രണ്ട് പ്രിയ സുഹൃത്തുക്കളുടെ സഹപ്രവര്‍ത്തകരുടെ ഇഴയടുപ്പവും ആ ഗാനം വൈറലാകാന്‍ കാരണമായി. കാര്‍ക്കശ്യത്തിന്റെയും കണിശതയുടെയും യൂണിഫോമിനുള്ളിലെ സംഗീതജ്ഞര്‍ നാട്ടുകാര്‍ക്കും ഒരു കൗതുകമായിരുന്നു.
സുരേഷ്കുമാറിനെക്കുറിച്ചുള്ള ഏത് ഓര്‍മ്മയും സഹപ്രവര്‍ത്തകര്‍ക്ക് സംഗീതവുമായി ബന്ധപ്പെട്ടുള്ളവയാണ്. ഒഴിവുസമയങ്ങളില്‍ വെറുതെയിരിക്കുന്ന സുരേഷ്കുമാറിനെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ കണ്ടിട്ടില്ല. എപ്പോഴും ഏതെങ്കിലും പാട്ടിന്റെ രണ്ടു വരി അദ്ദേഹത്തിന്റെ ചുണ്ടിലുണ്ടാകും. കൈയ്യിലുള്ള എന്തിലും അദ്ദേഹം താളം കണ്ടെത്തും. സംഗീതവും സുരേഷ് കുമാറും തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നു.
ഒരു ഞെട്ടലോടെയാണ് സുരേഷ്കുമാറിന്റെ അപകടമരണവാര്‍ത്ത എല്ലാവരും കേട്ടത്. സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നതും ഒഴിവുനേരങ്ങളെ മനോഹരമാക്കിയ, സമ്മര്‍ദ്ദങ്ങളിലും വിരസതകളിലും മനം നിറച്ച സുരേഷ് കുമാറിന്റെ പാട്ടുകളാണ്.
പത്തു വര്‍ഷം മുന്‍പ് കൊല്ലത്ത് പോലീസ് ഓര്‍ക്കസ്ട്ര പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുതല്‍ പ്രധാന പാട്ടുകാരനായിരുന്നു സുരേഷ്കുമാര്‍. പുതിയകാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനു മുന്‍പുള്ള ഒരു ദിവസം കൊല്ലം ഈസ്റ്റ് പോലീസാണ് പരിപാടികള്‍ നടത്തുക. ഗാനമേളകളില്‍ താരം സുരേഷ്കുമാറായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ശങ്കരാഭരണത്തിലെ ശങ്കരാ ആയിരുന്നെന്നും പലയിടത്തും കേള്‍വിക്കാര്‍ ആവശ്യപ്പെട്ട് രണ്ടും മൂന്നും തവണ അദ്ദേഹത്തെക്കൊണ്ട് ഈ പാട്ട് പാടിക്കാറുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകനും ഏറെനാള്‍ പോലീസ് ഓര്‍ക്കസ്ട്രയില്‍ സുരേഷ്കുമാറിനൊപ്പം പ്രധാന പാട്ടുകാരനുമായിരുന്ന വിരമിച്ച എസ്.ഐ. പി.വാസുദേവന്‍ ഓര്‍ക്കുന്നു.
പോലീസിനു പുറത്തും ഒഴിവുസമയങ്ങളില്‍ ഗാനമേളകളില്‍ പാടാന്‍ പോകാറുണ്ടായിരുന്നു സുരേഷ്കുമാര്‍. കോവിഡായതിനാല്‍ കഴിഞ്ഞ വര്‍ഷം കാര്യമായ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. അടച്ചിടല്‍ കഴിഞ്ഞ് ഉത്സവങ്ങള്‍ പുനരാരംഭിച്ച് ഒരുപാട് വേദികള്‍ കാത്തിരിക്കവേയാണ് അപ്രതീക്ഷിത അപകടത്തില്‍ പാടിത്തീരാത്ത പാട്ടുപോലെ സുരേഷ്കുമാര്‍ യാത്രയായത്.
കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം സ്കൂട്ടറില്‍ തട്ടി എസ്.ഐ.ക്ക് ദാരുണാന്ത്യം
കൊല്ലം: കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുടെ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടിയുണ്ടായ അപകടത്തില്‍ എസ്.ഐ. മരിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മുളങ്കാടകം നടയ്ക്കാവീട് പ്രണവത്തില്‍ സുരേഷ്കുമാര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് കൊല്ലം ഇരുമ്പുപാലത്തിനുസമീപമാണ് അപകടം. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി രാവിലെ പോയ സുരേഷ്, വീട്ടിലെത്തിയശേഷം സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. പുതിയ പാലം അറ്റകുറ്റപ്പണിക്കായി അടച്ചിരുന്നതിനാല്‍, ഇരുമ്പുപാലത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു.
ഹൈസ്കൂള്‍ ജങ്ഷനില്‍നിന്ന് ചിന്നക്കടയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സ്കൂട്ടറിനെ മറികടക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുടെ പിന്‍ഭാഗം വാഹനത്തില്‍ തട്ടി സുരേഷ്കുമാര്‍ നിലത്തു വീണു. ഉടന്‍തന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗായകനായ സുരേഷ് ഒട്ടേറെ വേദികളില്‍ പാടിയിട്ടുണ്ട്. അപ്പുക്കുട്ടന് ആചാരിയുടെയും പങ്കജത്തിന്റെയും മകനാണ്. ഭാര്യ: ബിനു. മക്കള്‍: ഗായത്രി, പ്രണവ്. സഹോദരങ്ങള്‍: സുഷ, സന്തോഷ്. സംസ്കാരം ശനിയാഴ്ച 12-ന് മുളങ്കാടകം ശ്മശാനത്തില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..