തിരുവനന്തപുരം: സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപക്ഷത്തുനിന്നാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പോലീസ് സേന. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൂടിയാണ്. അക്കാര്യം മനസിലാക്കി ജനപക്ഷത്ത് നിന്നുകൊണ്ടാകണം പോലീസ് കൃത്യനിര്‍വഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനം രണ്ടാംഘട്ടം വികസനത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയു. ഇവ ഉറപ്പുവരുത്തുന്നതിന് പോലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

content highlights: police should act on behalf of people says cm pinarayi vijayan