കാസര്‍കോട്: ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ കലാപത്തിന് ആഹ്വാനം നടത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. 

മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനം നടത്തി, ബോധപൂര്‍വ്വം കലാപത്തിന് ആഹ്വാനം ചെയ്തു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മധ്യപ്രദേശ് സ്വദേശിനിയായ സാധ്വി സരസ്വതിക്കെതിരേ ബദിയടുക്ക പോലീസ് കേസെടുത്തിരിക്കുന്നത്. 

കേരളത്തില്‍ ഗോമാംസം ഭക്ഷിക്കുന്നവരെ ആക്രമിക്കണമെന്നും അവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും, ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിനിരയാക്കാനെത്തുന്നവരെ വാളുപയോഗിച്ച് നേരിടണമെന്നുമായിരുന്നു ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കവെ സാധ്വി ബാലിക സരസ്വതി ആഹ്വാനം ചെയ്തത്.

വിവാദ പ്രസംഗത്തെ തുടര്‍ന്ന് ജില്ലയിലെ ചില സംഘടനകളും വ്യക്തികളും കാസര്‍കോഡ് എസ്പിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് എസ്പിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബദിയടുക്ക പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Content Highlights: Sadhwi Balika Saraswati, VHP Leader, Kerala Police, Non-Bailable offence, Police Case.