ധീരജ്
ഇടുക്കി: കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ തയ്യാറായില്ലെന്ന് ആക്ഷേപം. പോലീസിനോട് സംഭവം പറഞ്ഞപ്പോൾ അവൻ അവിടെ കിടക്കട്ടെയെന്നാണ് പറഞ്ഞതെന്ന് ദൃക്സാക്ഷിയായ അശ്വിൻ ഉത്തമൻ എന്ന വിദ്യാർഥി പറഞ്ഞു. പിന്നീട് അതുവഴിവന്ന ജില്ലാപഞ്ചായത്ത് മെമ്പർ കെ.ജി.സത്യന്റെ വാഹനത്തിലാണ് ധീരജിനെ ആശുപത്രിയിലെത്തിച്ചത്.
സംഘർഷസാധ്യത കണക്കിലെടുത്ത് കോളേജ് അധികൃതർ പോലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാമ്പസിന് മുന്നിൽ പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ധീരജിന് കുത്തേറ്റപ്പോൾ കൂട്ടുകാർ പോലീസിന്റെയുൾപ്പെടെ പലരുടെയും സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഇടുക്കി മെഡിക്കൽ കോളേജ് തൊട്ടടുത്താണ്. വേഗത്തിൽ അവിടെയെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിഞ്ഞേനെയേന്ന് സഹപാഠികൾ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചത് ജില്ലാപഞ്ചായത്തംഗം; മരിച്ചത് ആശുപത്രിയിലെത്തിയ ശേഷം
ചെറുതോണി: ഇടുക്കി ഗവ.എൻജിനീയറിങ് കോളേജിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ ധീരജ് രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചത് ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യന്റെ വാഹനത്തിൽ. ധീരജിനെ കയറ്റാനായി കോളേജിന്റെ ഭാഗത്തേക്ക് പോകുമ്പോൾ പ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവും മറ്റൊരാളും താഴേക്ക് നടന്നുവരുന്നത് കണ്ടതായും കെ.ജി.സത്യൻ പറയുന്നു.
ഇടുക്കി മെഡിക്കൽ കോളേജിലെത്തിക്കുമ്പോൾ ധീരജിന് ജീവനുണ്ടായിരുന്നു. കാറിൽ ഞരങ്ങിയിരുന്നു. ആശുപത്രിയിലെത്തി 15 മിനിറ്റിനകം ഡോക്ടർമാർ മരണം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ജില്ലാപഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാനാണ് കെ.ജി.സത്യൻ ഉച്ചയ്ക്ക് ഒരുമണിയോടെ കാറിലെത്തിയത്. ജില്ലാപഞ്ചായത്ത് ആസ്ഥാനത്തേക്ക് പ്രവേശിക്കുന്ന അതേ കവാടത്തിലൂടെയാണ് എൻജിനീയറിങ് കോളേജിലേക്കും പോകുന്നത്. കവാടംകടന്ന് മുമ്പോട്ടുപോകുമ്പോൾ ചില വിദ്യാർഥികൾ ഓടിയെത്തി കാർ തടഞ്ഞു. ഒരാൾക്ക് കുത്തേറ്റെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. കാറുമായെത്തുമ്പോൾ ധീരജ് നെഞ്ചിൽ കൈ അമർത്തി നിലത്ത് കിടക്കുകയായിരുന്നു. ഓടിക്കൂടിയവരും വിദ്യാർഥികളുംചേർന്ന് കാറിൽ കയറ്റി. ചോര അധികം വാർന്നിരുന്നില്ല. ആശുപത്രിയിലേക്ക് പോകുമ്പോഴും പ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് നടന്നുപോകുന്നത് കണ്ടിരുന്നെന്നും സത്യൻ പറഞ്ഞു.
കെ.ജി.സത്യൻ പൈനാവിൽ നടത്തിയിരുന്ന മെൻസ് ഹോസ്റ്റലിലായിരുന്നു ധീരജ് കോളേജിലെത്തിയ ആദ്യകാലത്ത് താമസിച്ചിരുന്നത്. ആവശ്യങ്ങൾക്ക് സ്ഥിരമായി ഫോണിലും ബന്ധപ്പെട്ടിരുന്നു.
പക്ഷേ, ആശുപത്രിയിലെത്തിക്കാനുള്ള തത്രപ്പാടിനിടയിൽ ധീരജാണ് മുറിവേറ്റ് കിടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. മരണശേഷം സഹപാഠികൾ പറയുമ്പോഴാണ് ധീരജിനെ തിരിച്ചറിഞ്ഞത്.
Content Highlights : Dheeraj Murder; Allegations against Police as they refused to take Dheeraj to the hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..