കൊച്ചി: കൊച്ചി കപ്പൽശാലക്ക് നേരെ വീണ്ടും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്.

കപ്പൽശാല തകർക്കുമെന്ന ഭീഷണി സന്ദേശം ഇ മെയിലിലൂടെയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അതേസമയം കപ്പൽശാലക്ക് നേരെ തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്.

കഴിഞ്ഞ മാസം 24നാണ് കപ്പൽശാലക്ക് ആദ്യമായി ഭീഷണി എത്തുന്നത്. വിലാസമറിയാൻ കഴിയാത്ത വിധം പ്രോട്ടോൺവിഭാഗത്തിൽപ്പെട്ട ഭീഷണിയാണ് ഈ മെയിലിലൂടെ ലഭിച്ചത്. ഐ എൻ എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് കപ്പൽശാലാ അധികൃതർ നൽകിയ പരാതിയിൽ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി ലഭിച്ചത്.

കഴിഞ്ഞ ദിവസം കപ്പൽശാല തകർക്കുമെന്ന്‌ ഇ മെയിൽ ഭീഷണി ലഭിച്ചിരുന്നു. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിൽ വഴി വന്ന ഭീഷണി. ഇതിനെത്തുടർന്ന് കപ്പൽശാലാ അധികൃതർ പോലീസിൽ പരാതി നൽകുകയും ഈ പരാതിയിലും അന്വേഷണം നടന്നുവരുകയായിരുന്നു.

ആദ്യ ഭീഷണിയിൽ കപ്പൽശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തിൽ കപ്പൽശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും സന്ദേശത്തിൽ ഉണ്ടായിരുന്നതിനാൽ ഭീഷണിയുമായി ബന്ധപ്പെട്ട് കപ്പൽശാല ജീവനക്കാർക്കും പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു.

തുടർച്ചയായി ഉണ്ടാകുന്ന ഭീഷണിയിൽ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്. അതേസമയം ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസന്വേഷണം പോലീസ് എൻ.ഐ.എ.യ്ക്ക് കൈമാറിയേക്കും എന്ന സൂചനകളുമുണ്ട്‌.

Content Highlights:police receives threat against kochin shipyard