തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ പോലീസ് റെയ്ഡ്. നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. വാളുകളും കഠാരകളും ഹൈഡ്രജന്‍ പെറോക്‌സൈഡും പോലീസ് ഇവിടെ നിന്ന് കണ്ടെത്തി. ബോംബ് നിര്‍മ്മാണത്തിന് അടക്കം ഉപയോഗിക്കുന്ന രാസവസ്തുവാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്.

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ പ്രതി പ്രവീണ്‍ ഒളിവില്‍ കഴിഞ്ഞതിന്റെ തെളിവുകളും പോലീസ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവീണ്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റൈയ്ഡ്. പ്രവീണിന് ലഭിച്ച ഒരു കൊറിയറിന്റെ രസീത് പോലീസിന് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ ദിവസം നാലു ബോംബുകളാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. പൊലീസുകാരുള്‍പ്പെടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ് ജില്ലാ പ്രചാരകായ പ്രവീണ്‍ സ്റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവരികയും ചെയ്തിരുന്നു. പ്രവീണ്‍ നിലവില്‍ ഒളിവിലാണ്. പ്രവീണിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നൂറനാട് സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളില്‍ ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റടക്കം പോലീസ് കസ്റ്റഡിയിലാണ്. നെടുമങ്ങാട്ടെ ആനാട് വെച്ച് ബി.ജെ.പിക്കാര്‍ പൊലീസ് സംഘത്തെ ആക്രമക്കുകയും ചെയ്തിരുന്നു. സ്വകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടപ്പിക്കാനെത്തിയതിന് കസ്റ്റഡിയിലെടുത്തവരെ പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ബി.ജെ.പിക്കാര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടത്. ഈ കേസിലും നിരവധിപേര്‍ അറസ്റ്റിലായിട്ടുണ്ട്

 
Content Highlights: Police raid in rss office nedumangad-hartal violence