വിജയ് ബാബു
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായെങ്കിലും വിജയ് ബാബു വ്യാഴാഴ്ചയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം.
കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നുമാണ് ചോദ്യം ചെയ്യലില്‍ വിജയ് ബാബു പോലീസിനെ അറിയിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ്ബാബു എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലെത്തിയത്. കഴിഞ്ഞദിവസം കേസില്‍ വിജയ്ബാബുവിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വിജയ്ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ്ബാബുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍പോയ വിജയ്ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.
Content Highlights: police questioning actor vijay babu on actress rape case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..