കൊച്ചി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നാലു പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. ഇത് ഏറ്റുമുട്ടലല്ലെന്നും ക്രൂരമായ കൊലപാതകങ്ങളാണെന്നും പോലീസ് ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ പ്രൈംടൈം ചര്‍ച്ചയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുവതിയെ കാണാനില്ലെന്ന പരാതിയെ ചെവികൊള്ളാന്‍ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് ക്രൂരമായ കൊലപാതകം പുറത്ത് വന്നതോടുകൂടെ പോലീസ് വിമര്‍ശിക്കപ്പെട്ടു. അപ്പോള്‍ അവര്‍ക്കവരുടെ പേര് സംരക്ഷിക്കണമായിരുന്നു. അതിനാലാവാം ഈ കൊലപാതകങ്ങള്‍ നടന്നത്. ഇന്ത്യന്‍ നീതിന്യായ സമ്പ്രദായത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ശിക്ഷ രീതിയല്ല ഇത്. ഇതിന് കാരണം നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. ജനങ്ങള്‍ പൊറുതിമുട്ടിയ അവസ്ഥയാണ്.
ഈ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് തന്നെയാണ് താനും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അത് നടപ്പിലാക്കേണ്ട രീതി ഇതായിരുന്നില്ല.
ജനങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ഇത് അപകടകരമായ സാഹചര്യമാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായാല്‍ എന്തും ചെയ്യാമെന്ന് പോലീസ് കരുതിയേക്കാം. ജനങ്ങള്‍ക്ക് രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
content highlights: police ought not have done it :B. Kemal Pasha on Hyderabad ‘encounter