തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂവെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 

പൊതുജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.

പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് പെരുമാറുന്ന രീതികള്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പൊതുജനമധ്യത്തില്‍ സേനയുടെ സല്‍പ്പേരിന് അവമതിപ്പും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

content highlights: police officers should treat public with dignity DGP circular