കാക്കനാട്: ഒരു മാസത്തോളം ഒളിവില്‍ പോയി അന്വേഷണ സംഘത്തെ വെള്ളം കുടിപ്പിച്ച സനു മോഹനെ പൂട്ടാന്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഡിജിറ്റല്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു സനു മോഹന്റെ ഒളിവുജീവിതം. കുഴപ്പം പിടിച്ച ചോദ്യങ്ങളെ പോലും ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് ഇയാള്‍ നേരിടുന്നത്. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ചില മേല്‍ ഉദ്യോഗസ്ഥര്‍ വരെ സനുവിനെ വിശേഷിപ്പിച്ചത് ബുദ്ധിമാനായ 'സൈക്കോ' എന്നാണ്.

2016-ല്‍ പുണെയില്‍നിന്ന് തിരിച്ചെത്തിയ സനു മോഹന്റെ ജീവിത രീതികളില്‍നിന്നാണ് പോലീസ് ഈ നിരീക്ഷണം നടത്തിയത്. സനു കങ്ങരപ്പടി ഫ്‌ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ തന്നെ ഫെയ്‌സ്ബുക്കില്‍നിന്ന് വിട്ടു. ഫ്‌ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ സൂക്ഷിച്ചു മാത്രം. സുഹൃത്തുക്കളെ പോലും മൊബൈല്‍ ഫോണിലും വാട്‌സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. എല്ലാവരോടും നേരിട്ടുള്ള സംസാരം മാത്രം. സംഭവം നടക്കുന്ന മാര്‍ച്ച് 21-നു ശേഷമുള്ള ദിവസങ്ങള്‍ പരിശോധിച്ചപ്പോള്‍ സനു മോഹന്റെ ഫോണ്‍ കോളുകളില്‍ പോലും സംശയാസ്പദമായ വിളികളില്ല. പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോണ്‍ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചെങ്കിലും ഇതിലും കാര്യമായ തെളിവുകള്‍ ഒന്നുംതന്നെയില്ല. ഫ്‌ലാറ്റിലെ സി.സി.ടി.വി. ക്യാമറകള്‍ പോലും തകരാറിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സനുവിന്റെ കാര്‍ ചെക്പോസ്റ്റിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കിട്ടിയ വിലയ്ക്ക് കാര്‍ വിറ്റ ശേഷം ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്.

ഒരു ടൂര്‍ യാത്ര പോലെയായിരുന്നു സനു കേരളം വിട്ട ശേഷം നടത്തിയ യാത്രകളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സനുവിന്റെ ഭൂതകാലം പരിശോധിച്ചു വരുമ്പോഴും അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഫോണ്‍ സിഗ്‌നല്‍ പോലുള്ള ഡിജിറ്റല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

 

Content Highlights: Vaiga Mureder Case: Police officers describe Sanu Mohan as 'Intellectual Psycho'